വീണ്ടും തമിഴ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്‌ത് ശ്രീലങ്ക. അതിർത്തി കടന്ന് മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ച് 47 മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്‌തത്. ഇന്നലെ രാത്രിയിലാണ് സംഭവം. ഇവരുടെ അറസ്റ്റ് മത്സ്യത്തൊഴിലാളി സമൂഹത്തെ വലിയ ആശങ്കയിലാക്കിയിട്ടുണ്ട്.
രാമേശ്വരം മത്സ്യബന്ധന തുറമുഖത്ത് നിന്ന് 300 ലധികം ബോട്ടുകളിലായി മത്സ്യത്തൊഴിലാളികൾ ഇന്നലെ വൈകുന്നേരം മത്സ്യബന്ധനത്തിനായി കടലിൽ പോയിരുന്നു. ധനുഷ്കോടിക്കും തലൈമന്നാറിനും ഇടയിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ, പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന ശ്രീലങ്കൻ നാവികസേന രാമേശ്വരത്ത് നിന്നുള്ള 30 മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്‌തു. ഇവർക്ക് നേരെ തോക്ക് ചൂണ്ടിയാണ് അറസ്റ്റ് ചെയ്‌തത്.
മത്സ്യത്തൊഴിലാളികളുടെ നാല് മോട്ടോർ ബോട്ടുകളും നാവിക സേന പിടിച്ചെടുത്തു. അറസ്റ്റിലായ 30 തമിഴ്‌നാട് മത്സ്യത്തൊഴിലാളികളെ മാന്നാർ നാവിക ക്യാമ്പിലേക്ക് കൊണ്ടുപോയതായാണ് വിവരം. മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകളും ഇന്ന് മാന്നാർ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥന് കൈമാറുമെന്ന് ശ്രീലങ്കൻ നാവികസേന വക്താവ് പറഞ്ഞു.
ശ്രീലങ്കയിലെ നെടുന്തീവിന്‍റെ പടിഞ്ഞാറൻ കടൽ മേഖലയിൽ മത്സ്യബന്ധനം നടത്തിയ 17 മത്സ്യത്തൊഴിലാളികളെയും ഇന്നലെ രാത്രി ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്‌തിരുന്നു. അവരുടെ ഒരു ബോട്ടും സേന പിടിച്ചെടുത്തു.
അതിർത്തി കടന്ന് മത്സ്യബന്ധനം നടത്തിയെന്ന പതിവ് കുറ്റം ആരോപിച്ചാണ് ഈ മത്സ്യത്തൊഴിലാളികളെയും അറസ്റ്റ് ചെയ്‌തത്. അറസ്റ്റിലായ മത്സ്യത്തൊഴിലാളികളെ കാങ്കേശന്തുറൈ നാവിക ക്യാമ്പിലേക്ക് കൊണ്ടുപോയി. ഈ മത്സ്യത്തൊഴിലാളികൾ ഏത് പ്രദേശത്തുനിന്നുള്ളവരാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ശ്രീലങ്കൻ നാവികസേന ഒറ്റ രാത്രികൊണ്ട് 47 മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും അഞ്ച് ബോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്‌ത സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്യുന്നത് വർഷങ്ങളായി തുടർന്ന് പോരുന്ന സംഭവമാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് നേരെയുള്ള ഇത്തരം പ്രവൃത്തികള്‍ സംബന്ധിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് പലതവണ കത്തുകള്‍ എഴുതിയിട്ടുമുണ്ട്. എന്നാല്‍ പരിഹാരമൊന്നും ഉണ്ടായില്ലെന്നാണ് ആക്ഷേപം.
ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെങ്കില്‍ കച്ചത്തീവ് തിരിച്ചു പിടിക്കണം എന്നാണ് ഡിഎംകെ ഉള്‍പ്പെടെയുള്ള പാർട്ടികള്‍ വാദിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ തമിഴ്‌നാട് നിയമസഭയിൽ ഇതുസംബന്ധിച്ച ഒരു പ്രമേയം പാസാക്കുകയും കേന്ദ്ര സർക്കാരിന് അയയ്ക്കുകയും ചെയ്‌തത് പ്രസക്തമാണ്.















