അച്ചടക്കമില്ലാത്ത ജീവിതരീതിയാണ് ഇന്നത്തെ പ്രധാന പ്രശ്നം. ഭക്ഷണരീതിയും സമാനമാണ്. കുത്തക കമ്പനികൾ തൊഴിൽ രീതികൾ പരിഷ്കരിച്ചതോടെ ഇതിന് ആഘാതം വർധിച്ചു. രാത്രിയും പകലും അധ്വാനിക്കുന്ന രീതിയിലേക്ക് ഈ പരിഷ്കരണം കൊണ്ടെത്തിച്ചു. പകൽ ജോലിയെക്കാൾ കൂടുതലാളുകളും നൈറ്റ് ഷിഫ്റ്റിലാണ് ജോലി ചെയ്യുന്നത്. ഇത് പല ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
രാത്രി വൈകിയും ജോലി ചെയ്യുക, രാവിലെ വൈകി ഉണരുക ഇതെല്ലാം ശാരീരികവും മാനസികവുമായ ആരോഗ്യത്തെയും നിങ്ങളുടെ പ്രത്യുൽപാദനക്ഷമതയെയും സാരമായി ബാധിക്കുന്നു. രാത്രി വൈകിയുള്ള ജോലികൾ പുരുഷന്മാരിലും സ്ത്രീകളിലും പ്രത്യുൽപാദനക്ഷമതയെ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഐവിഎഫ് കൺസൾട്ടന്റായ ഡോ. ഇള ഗുപ്ത പറയുന്നത്.
നമ്മുടെ ശരീരം ഒരു സ്വാഭാവിക താളം പിന്തുടരുന്നുണ്ട്. ഉറങ്ങേണ്ട സമയത്ത് വൈകി ജോലി ചെയ്യുമ്പോൾ, ഈ താളം തടസ്സപ്പെടുന്നു. കാലക്രമേണ, ഇത് പുരുഷന്മാരിലും സ്ത്രീകളിലും പ്രത്യുൽപാദനക്ഷമതയെ ബാധിക്കുന്നു. ഉറക്കചക്രങ്ങൾ പ്രത്യുൽപാദന ആരോഗ്യത്തെ നേരിട്ട് ബാധിക്കുമെന്നാണ് ചില പഠനങ്ങൾ പറയുന്നത്. ക്രമരഹിതമായ ചക്രങ്ങൾ ഹോർമോണുകളെ അസ്വസ്ഥമാക്കുന്നു, അതിലൂടെ അണ്ഡത്തിന്റെയും ബീജത്തിന്റെയും ഗുണനിലവാരം കുറയ്കയും സമ്മർദ്ദം വർദ്ധിപ്പിക്കകുയും ചെയ്യുന്നു.
രാത്രി വൈകി ജോലി ചെയ്യുന്നത് സ്ത്രീകളുടെ ആർത്തവചക്രത്തിൽ മാറ്റം വരുമെന്നാണ് ഡോ. ഇള പറയുന്നത്. ഉറക്കം കുറയുമ്പോൾ ശരീരം അണ്ഡങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട മെലറ്റോണിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കാൻ തുടങ്ങുമ്പോൾ സമ്മർദ്ദ ഹോർമോണായ കോർട്ടിസോളിന്റെ അളവ് വർദ്ധിക്കുന്നു. ഈ അസന്തുലിതാവസ്ഥ അണ്ഡോത്പാദന ചക്രങ്ങളെ പ്രതികൂലമായി ബാധിക്കുകയും ഗർഭധാരണ സാധ്യത കുറയ്ക്കുകയും ചെയ്യും.
മറുവശത്ത്, പുരുഷന്മാരെ സംബന്ധിച്ചിടത്തോളം, ക്രമരഹിതമായ ഉറക്ക രീതികൾ ടെസ്റ്റോസ്റ്റിറോൺ ഉൽപാദനത്തെ ബാധിക്കുകയും ബീജങ്ങളുടെ എണ്ണവും ഗുണനിലവാരവും കുറയ്ക്കുകയും ചെയ്യുന്നു. ഇതുകൂടാതെ മറ്റൊന്നാണ് സമ്മർദ്ദം. മാനസികാവസ്ഥയെ ബാധിക്കുന്നതോടൊപ്പം സമ്മർദ്ദം ശരീരത്തിൻ്റെ കോശത്തെയും ബാധിക്കുന്നു. പുരുഷന്മാരിൽ പുകവലിയോ മദ്യമോ പോലെ തന്നെ ദോഷകരമാണ് സമ്മർദ്ദവും. രാത്രി വൈകി ജോലി ചെയ്യുന്നതുമൂലവും സമ്മർദ്ദം ഉണ്ടാകാം.
കാരണം രാത്രി വൈകിയുള്ള ജോലി സമയങ്ങളിൽ പലരും ഭക്ഷണം ഒഴിവാക്കുകയും, അമിതമായി കഫീൻ കഴിക്കുകയും, സംസ്കരിച്ച ഭക്ഷണങ്ങളെ ആശ്രയിക്കുകയും ചെയ്യുന്നു. പോഷകാഹാരക്കുറവ് സമ്മർദ്ദവുമായി കൂടിച്ചേരുമ്പോൾ, പ്രത്യുൽപാദന ആരോഗ്യത്തെ ഗണ്യമായി ദുർബലപ്പെടുത്തുന്നു. എന്നാൽ ജീവിതശൈലിയിലൂടെ ഇതിനെല്ലാം മാറ്റം വരുത്താൻ കഴിയും. കൃത്യമായ ഉറക്കം, ഉറങ്ങുന്നതിനുമുമ്പ് സ്‌ക്രീൻ സമയം പരിമിതപ്പെടുത്തുക, സമീകൃത ഭക്ഷണക്രമം പാലിക്കുക, എന്നിവയുൾപ്പെടെ ലളിതമായ ജീവിതശൈലി മാറ്റങ്ങൾ ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു. കൂടാതെ പതിവ് വ്യായാമം സമ്മർദ്ദം നിയന്ത്രിക്കുന്നു.
content highlight: Late night jobs
















