ഗാസ വെടിനിർത്തലിൽ ട്രംപിനെയും നെതന്യാഹുവിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൊണാൾഡ് ട്രംപിൻ്റെ ആദ്യ ഘട്ട കരാറിനെ സ്വാഗതം ചെയ്യുന്നുവെന്നും ചർച്ചകളിൽ ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ശക്തമായ നേതൃത്വമാണ് പ്രതിഫലിക്കുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു. ചർച്ചകളിലെ പുരോഗമനം ബന്ദികളുടെ മോചനത്തിനും ഗാസയിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട മാനുഷിക സഹായത്തിനും വഴിയൊരുക്കട്ടെയെന്നും മോദി എക്‌സിൽ കുറിച്ചു.
“പ്രസിഡൻ്റ് ട്രംപിൻ്റെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ട കരാറിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. പ്രധാനമന്ത്രി നെതന്യാഹുവിൻ്റെ ശക്തമായ നേതൃത്വത്തിൻ്റെ പ്രതിഫലനം കൂടിയാണിത്. ബന്ദികളുടെ മോചനവും ഗാസയിലെ ജനങ്ങൾക്കുള്ള മെച്ചപ്പെട്ട മാനുഷിക സഹായവും അവർക്ക് ആശ്വാസം നൽകുമെന്നും ശാശ്വത സമാധാനത്തിന് വഴിയൊരുക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു”- എന്നാണ് എക്‌സ് പോസ്‌റ്റ്.
ഇസ്രയേൽ അംബാസഡർ റൂവൻ അസർ ഇന്ത്യയുടെ പിന്തുണയെ അറിയിച്ചു. ഇസ്രയേൽ പ്രതിനിധി സംഘത്തിൻ്റെയും ട്രംപിൻ്റെയും ശ്രമങ്ങൾക്ക് നന്ദിയെന്നും എക്‌സിൽ കുറിച്ചു.
“എല്ലാ ബന്ദികളെയും മോചിപ്പിക്കാനുള്ള കരാറിലെത്തിയ ഇസ്രയേൽ പ്രതിനിധി സംഘത്തിൻ്റെയും പങ്കാളികളുടെയും ശ്രമങ്ങൾക്ക് നന്ദി. ട്രംപിനും പ്രത്യേക നന്ദി. ഭീകര ഭീഷണികളിൽ നിന്ന് മുക്തമായി, സമാധാനം ഉടൻ പുനസ്ഥാപിക്കപ്പെടുന്നത് നമുക്ക് കാണാൻ കഴിയട്ടെ. ഇന്ത്യയുടെ പിന്തുണയെ എല്ലായ്‌പ്പോഴും ഉണ്ട്!”- ഇന്ത്യയുടെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ എക്‌സിൽ കുറിച്ചു.
അതേസമയം യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ ഗാസയിൽ വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കലും ഉറപ്പാക്കുന്നതിനുള്ള കരാറിനെ അംഗീകരിക്കുന്നുവെന്ന് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കരാറിൽ മധ്യസ്ഥത വഹിച്ച അമേരിക്ക, ഖത്തർ, ഈജിപ്‌ത്, തുർക്കി എന്നീ രാജ്യങ്ങളുടെ നയതന്ത്ര ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചിരുന്നു.
ഗാസ വെടിനിർത്തൽ ചർച്ചകളിലെ ആദ്യ ഘട്ടത്തിലെ എല്ലാ വ്യവസ്ഥകളും പാലിച്ച് ഒരു കരാറിലെത്തിയതായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വക്താവുമായ മജീദ് അൽ അൻസാരി അറിയിച്ചു. ഇസ്രയേലി ബന്ദികളെയും പലസ്‌തീൻ തടവുകാരെയും മോചിപ്പിക്കുന്നതാണ് ആദ്യഘട്ട കരാറിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.
“ഇസ്രായേലിന് ഒരു മഹത്തായ ദിനം” എന്നാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചത്. ഇസ്രയേൽ സൈന്യത്തിനും സുരക്ഷാ സേനയ്ക്കും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനും നെതന്യാഹു നന്ദി പറഞ്ഞു. ഗാസ വെടിർത്തൽ കരാറിൻ്റെ ആദ്യഘട്ടം ഇസ്രായേലും ഹമാസും സമ്മതിച്ചതായി യുഎസ് പ്രസിഡൻ്റ് ട്രംപും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഹമാസും ഇസ്രയേലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇക്കാര്യം കാബിനറ്റിൽ കരാർ ചർച്ചക്കിടുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.
















