സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം (Amoebic Meningoencephalitis) പടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പത്ത് പുതിയ കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് ജില്ലയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത ഈ അപൂർവ രോഗം നിലവിൽ എട്ട് ജില്ലകളിൽ സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, കാസർകോട്, ആലപ്പുഴ എന്നിവയാണ് രോഗം റിപ്പോർട്ട് ചെയ്ത ജില്ലകൾ.
ഏറ്റവും ഒടുവിൽ, തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് മൂന്ന് ദിവസത്തിനിടെ അഞ്ച് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിൽ ആയിരുന്ന പാറശ്ശാല സ്വദേശി, വർക്കല ഇടവ വെൺകുളം സ്വദേശിനിയായ 34 വയസ്സുള്ള സ്ത്രീ, ആറ്റിങ്ങൽ കൊടുമൺ സ്വദേശിയായ 57കാരനായ നിർമാണത്തൊഴിലാളി എന്നിവർക്കാണ് ഏറ്റവും പുതിയതായി രോഗം സ്ഥിരീകരിച്ചത്. കാലിനേറ്റ പരുക്കിൻ്റെ ചികിത്സയ്ക്കിടെയാണ് നിർമാണ തൊഴിലാളിക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതേതുടർന്ന് ആറ്റിങ്ങൽ നഗരസഭയുടെ നേതൃത്വത്തിൽ വീടും പരിസരവും പരിശോധിച്ചു. ഇടവ വെൺകുളം മരക്കമുക്ക് സ്വദേശിനിയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇവരുടെ വീട്ടിൽ പൈപ്പ് ലൈനിലെ വെള്ളം മാത്രമാണ് ഉപയോഗിക്കുന്നതെന്നു ബന്ധുക്കൾ ആരോഗ്യ വിഭാഗത്തെ അറിയിച്ചു.
ഈ മൂന്നു പേർ അടക്കം നാല് ദിവസത്തിനിടയിൽ തിരുവനന്തപുരത്ത് അഞ്ച് കേസുകൾ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച വാമനപുരം, വിഴിഞ്ഞം സ്വദേശികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അഞ്ചിന് മലപ്പുറം പാണക്കാട്, നാലിന് ആലപ്പുഴ തണ്ണീർമുക്കം, കോഴിക്കോട് തിരുവങ്ങൂർ, രണ്ടിന് കോഴിക്കോട് കൊളത്തൂർ, ഒന്നിന് മലപ്പുറം മാറഞ്ചേരി സ്വദേശികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 10 ആയി. ഒക്ടോബർ 1 ന് മരിച്ച കൊല്ലം എടവട്ടം ചിറക്കര സ്വദേശിക്കും രോഗം ബാധിച്ചിരുന്നു.
ഈ വർഷം ഇതുവരെ തിരുവനന്തപുരത്ത് 23 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 10 പേർ രോഗമുക്തരാവുകയും മൂന്ന് പേർ മരണപ്പെടുകയും ചെയ്തു.
കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജിൽ നിലവിൽ ആറ് പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ രണ്ടുപേർ കുട്ടികളാണ്. മാതൃശിശു സംരക്ഷണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ആറു വയസ്സുകാരിക്ക് കഴിഞ്ഞ ഞായറാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം മേൽമുറി സ്വദേശിയായ പെൺകുട്ടിയെ ശനിയാഴ്ചയാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കുട്ടിയുടെ ആരോഗ്യസ്ഥിതി നിലവിൽ തൃപ്തികരമാണ് എന്നാണ് ഡോക്ടർമാർ അറിയിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരുവങ്ങൂർ സ്വദേശിക്ക് രോഗം പിടിപെട്ടത്. അതിനിടയിലും മൂന്നു കുട്ടികൾ അടക്കം 5 പേർ രോഗം മുക്തമായി ആശുപത്രി വിട്ടിട്ടുണ്ട്. നേരത്തെ തുടർ ദിവസങ്ങളിൽ കോഴിക്കോട് രോഗം ബാധിച്ച് മരിച്ച മുതിർന്നവരിൽ പലർക്കും മറ്റു രോഗങ്ങൾ ഉണ്ടായിരുന്നു എന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഏതെങ്കിലും തരത്തിലുള്ള രോഗത്തിന് ചികിത്സയിൽ കഴിയുന്നവരുടെ തലച്ചോറിൽ അമീബ പ്രവേശിച്ചാൽ അവർക്ക് രോഗം കലശലാകുന്ന അവസ്ഥയാണ് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
തലച്ചോറ് കാർന്നു തിന്നുന്ന അമീബ എന്നറിയപ്പെടുന്ന നേഗ്ലെറിയ ഫൗലേറി (Naegleria Fowleri) ആണ് രോഗത്തിന് കാരണം. കെട്ടിക്കിടക്കുന്നതോ, ഒഴുകുന്നതോ ആയ മലിനജലത്തിൽ കുളിക്കുകയോ മലിനജലം മൂക്കിലൂടെ പ്രവേശിക്കുകയോ ചെയ്യുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഈ രോഗം മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരില്ല എന്നത് ശ്രദ്ധേയമാണ്.
സെപ്റ്റംബർ 2025 വരെയുള്ള കണക്കുകൾ പ്രകാരം 80 കേസുകളും 17 മരണങ്ങളുമാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലെല്ലാം കിണറുകളിലും ജലസ്രോതസ്സുകളിലും ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ ആരോഗ്യ വകുപ്പ് ശക്തമാക്കിയിട്ടുണ്ട്. രോഗം നേരത്തെ കണ്ടെത്തി ചികിത്സ നൽകുന്നതിലൂടെ മരണനിരക്ക് കുറയ്ക്കാൻ സാധിക്കുമെന്നാണ് ആരോഗ്യ വകുപ്പിൻ്റെ അവകാശവാദം.
രോഗം എവിടുന്നാണ് പിടിപെട്ടതെന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തമായ മറുപടി കണ്ടെത്താൻ ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ല. അതിനാൽ, മലിനജലവുമായുള്ള സമ്പർക്കം പൂർണമായി ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
















