വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ സമയം നീട്ടണമെന്ന ഹർജി പരിഗണിക്കുമെന്ന് സുപ്രീം കോടതി. എല്ലാ വഖഫ് സ്വത്തുക്കളുടെയും നിർബന്ധിത രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് വാദം കേൾക്കുന്നത്.
സെപ്റ്റംബർ 15ന് കേന്ദ്രസർക്കാരിൻ്റെ വഖഫ് ഭേദഗതി നിയമം സുപ്രീം കോടതി ഭാഗികമായി സ്‌റ്റേ ചെയ്‌തിരുന്നു. നിയമത്തിലെ ചില വ്യവസ്ഥകൾക്കു മാത്രമാണ് ഇടക്കാല ഉത്തരവിലൂടെ സ്‌റ്റേ അനുവദിച്ചത്. അഞ്ചുവർഷത്തോളം ഇസ്‌ലാം മതവിശ്വാസം പിന്തുടരുന്നവർക്കു മാത്രമേ വഖഫ് നൽകാൻ കഴിയൂ തുടങ്ങിയ വ്യവസ്ഥകളാണ് കോടതി സ്‌റ്റേ ചെയ്‌തത്.
അതേസമയം, വഖഫ് സ്വത്തുക്കളിലുള്ള അവകാശം സർക്കാരിന് തിരിച്ചെടുക്കാൻ കഴിയുമെന്നാ കേന്ദ്രത്തിൻ്റെ ഉത്തരവ് പ്രഥമദൃഷ്ട്യാ ഏകപക്ഷീയമല്ലെന്നും കോടതി പറഞ്ഞു. ചീഫ് ജസ്‌റ്റീസ് ബിആർ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഇന്ന് (ഒക്‌ടോബർ 9) വാദം കേട്ടത്.
എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിക്കു വേണ്ടി അഭിഭാഷകൻ നിസാം പാഷയാണ് ഹാജരായത്. വഖഫ് സ്വത്തുക്കൾ രജിസ്‌റ്റർ ചെയ്യുന്നതിനുള്ള സമയം നീട്ടാൻ അനുവദിക്കണമെന്ന് അഭിഭാഷകൻ ബെഞ്ചിനോട് ആവശ്യപ്പെട്ടു. വഖഫ് സ്വത്തുക്കൾ രജിസ്‌റ്റർ ചെയ്യുന്നതിന് ഭേദഗതി ചെയ്‌ത നിയമത്തിൽ ആറ് മാസത്തെ സമയം നൽകിയിട്ടുണ്ട്. എന്നാൽ വിധി വരാൻ അഞ്ച് മാസം കഴിഞ്ഞുവെന്നും ഇനി ഒരു മാസം മാത്രമേ ബാക്കിയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
















