തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ മരുന്ന് മാറി നല്‍കിയെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റെന്ന് RCC ഡയറക്ടര്‍. ആര്‍സിസിയുടെ പര്‍ച്ചേസ് & ടെണ്ടര്‍ നടപടികള്‍ (2024-25) അനുസരിച്ച് ഗ്ലോബല ഫാര്‍മ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ടെമോസോളോമൈഡ് 250mg,100mg,20mg മരുന്നുകള്‍ ആര്‍സിസിയില്‍ വിതരണം ചെയ്യുന്നത്. 25/03/2025 ല്‍ ആര്‍സിസിയില്‍ എത്തിച്ച 92 പാക്കറ്റ് ടെമോസോളോമൈഡ് 100mg (ബാച്ച് നം. GSC24056, മാന്യുഫാക്ച്ചറിങ് ഡേറ്റ് 08/2024, ഇന്‍വോയിസ് നം; 2451201 ഡേറ്റ് 25/03/2025) ല്‍ ബാച്ചിലാണ് ആശയക്കുഴപ്പം ഉണ്ടായത്. ഓരോ ബാച്ച് മരുന്ന് എത്തുമ്പോഴും മരുന്നിന്റെ ബാച്ച് നമ്പറും മറ്റുരേഖകളും കൃത്യമായി പരിശോധിച്ചാണ് സ്റ്റോക്ക് എടുക്കുന്നത്.
നേരത്തെ ലഭിച്ച സ്റ്റോക്ക് ബാക്കി ഉണ്ടായിരുന്നതിനാല്‍ 27/06/2025 നാണ് ഈ പാക്കറ്റില്‍ നിന്നും മരുന്ന് രോഗികള്‍ക്ക് വിതരണം ചെയ്യുന്നതിനായി ഫാര്‍മസിയില്‍ എത്തിച്ചത്. ഫാര്‍മസി ജീവനക്കാര്‍ പരിശോധന നടത്തിയ ശേഷം മാത്രമാണ് പതിവായി രോഗികള്‍ക്ക് മരുന്ന് വിതരണം ചെയ്യുന്നത്. ഇത്തരത്തില്‍ രോഗികള്‍ക്ക് മരുന്ന് വിതരണം ചെയ്യുന്നതിന് 12/07/2025ല്‍ ബാച്ചിലെ ആദ്യസെറ്റ് എടുക്കുമ്പോള്‍ തന്നെ 10 പാക്കറ്റുകളുടെ ഒരു സെറ്റില്‍ രണ്ടു പാക്കറ്റുകളില്‍ എറ്റോപോസൈഡ് 50 mg എന്ന ലേബല്‍ ഫാര്‍മസി സ്റ്റാഫിന്റെ ശ്രദ്ധയില്‍പ്പെടുകയും ഉടന്‍ തന്നെ പാക്കറ്റുകള്‍ പൊട്ടിച്ച് പരിശോധിക്കുകയും ചെയ്തു.
പാക്കറ്റിനുള്ളിലെ ബോട്ടിലില്‍ ടെമോസോളോമൈഡ് 100mg എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ആശയക്കുഴപ്പം ഉണ്ടായതിനാല്‍ ടെമോസോളോമൈഡിന്റെ വിതരണം ഉടനടി നിര്‍ത്തിവെച്ചു. തെറ്റായ മരുന്ന് ഒരു രോഗിക്കും വിതരണം ചെയ്തിട്ടില്ല. രോഗികള്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ല. വിവരം ഉടന്‍ തന്നെ വിതരണക്കാരായ കമ്പനിയേയും അറിയിച്ചു. തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആര്‍സിസി ഡ്രഗ് കമ്മിറ്റി 30/07/2025ന് ചേരുകയും ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് കേരളയെ വിവരം അറിയിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. കൂടാതെ ഗ്ലോബല ഫാര്‍മ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും ഇനിമുതല്‍ മേല്‍പ്പറഞ്ഞ രണ്ട് മെഡിസിനുകളും എടുക്കേണ്ടതില്ലെന്നും കമ്പനിയുമായി പുതിയ കരാറില്‍ ഏര്‍പ്പെടേണ്ടതില്ലെന്നും തീരുമാനമെടുത്തു.
ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് കേരളയെ 16/08/2025 ന് വിവരമറിയിച്ചത് പ്രകാരം 06/10/2025 ന് ആശുപത്രിയിലെത്തി സംശയാസ്പദമായ മുഴുവന്‍ പാക്കറ്റുകളും ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് കേരള കണ്ടെടുത്തു. നിയമപരമായ തുടര്‍ നടപടികള്‍ ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് കേരളയുടെ ഭാഗത്തുനിന്നും സ്വീകരിക്കും.
CONTENT HIGH LIGHTS;Media reports that medicines were exchanged at Thiruvananthapuram RCC are false
















