ഇന്ത്യൻ സിം കാർഡുകൾ ഉപയോഗിച്ച് സൈനിക രഹസ്യങ്ങൾ ചോർത്താൻ പാക്കിസ്ഥാൻ ശ്രമിച്ചെന്ന സ്ഥീരികരിച്ച് കേന്ദ്ര അന്വേഷണ ഏജൻസികൾ. നേപ്പാൾ പൗരൻ കടത്തികൊണ്ടുവന്ന സിം കാർഡുകൾ ഉപയോഗിച്ചാണ് ജമ്മു കശ്മീർ, മഥുര എന്നിവടങ്ങളിൽ വിന്യസിച്ചിരുന്ന സൈനികരുമായി ബന്ധപ്പെടാൻ പാക് ചാര സംഘടന ശ്രമിച്ചത്. ഏകദേശം 75 സൈനികരുമായി ബന്ധം സ്ഥാപിക്കാൻ പാക് ചാര സംഘടന ശ്രമിച്ചെന്നും കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.
വാട്‌സ് ആപ്പ് വഴിയാണ് പാക് ചാരസംഘടന സൈനികരുമായി സമ്പർക്കം പുലർത്തിയത്. വരും ദിവസങ്ങളിൽ ഈ സൈനിക ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് കേന്ദ്ര ഇന്റെലിജൻസ് ഏജൻസി വൃത്തങ്ങൾ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. പാക് ചാരൻമാരുമായി ആശയവിനിമയം നടത്തിയ സൈനികരെ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കും.
നിലവിൽ, ഏതെങ്കിലും ചാരവൃത്തിയിൽ അവരുടെ പങ്കാളിത്തം തെളിയിക്കുന്ന കാര്യമായ തെളിവുകളൊന്നും ഞങ്ങളുടെ പക്കലില്ല. എന്നാൽ വിവിധ പാകിസ്ഥാൻ നഗരങ്ങളിൽ താമസിക്കുന്ന പ്രവർത്തകർ അവരുമായി ബന്ധപ്പെട്ടിരുന്നു. കേന്ദ്ര ഇന്റലിജൻസ് ഏജൻസിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
നേപ്പാൾ ബിർഗുഞ്ച് സ്വദേശിയായ പ്രഭാത് കുമാർ ചൗരസ്യ (43)യിൽ നിന്ന് കണ്ടെടുത്ത സിം കാർഡുകളാണ് പാക്കിസ്ഥാന്റെ ചാരപ്രവൃത്തി വെളിച്ചത്ത് കൊണ്ടുവന്നത്. 16 ഇന്ത്യൻ സിം കാർഡുകളുമായി ഡൽഹി ലക്ഷമി നഗറിൽ നിന്നാണ് ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന്് കണ്ടെടുത്ത സിം കാർഡുകളിലെ ഡാറ്റയുടെ സാങ്കേതിക പരിശോധനയിലാണ് ഇവ പാക്കിസ്ഥാൻ ഉപയോഗിച്ചെന്ന് കണ്ടെത്തുന്നത്.
ബീഹാർ, മഹാരാഷ്ട്ര എന്നിവടങ്ങളിൽ നിന്നാണ് ഇയാൾ സിം കാർഡുകൾ വാങ്ങിയത്. ഇവ കാഠ്മണ്ഡുവിൽ എത്തിച്ചതിന് ശേഷം അവിടെ നിന്ന് പാക് ചാരസംഘടനയായ ഐഎസ്‌ഐയ്ക്ക്് കൈമാറുകയായിരുന്നു. ഐഎസ്‌ഐ ഈ നമ്പറുകളിൽ തുടങ്ങിയ വാട്‌സ് ആപ്പ് അക്കൗണ്ട് വഴി വിവിധ സൈനിക, അർദ്ധ സൈനിക വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുമായി സമ്പർക്കം പുലർത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
16 സിം കാർഡുകളിൽ 11 എണ്ണം ലാഹോർ, ബഹവൽപൂർ, പാകിസ്ഥാന്റെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഐഎസ്‌ഐ പ്രവർത്തകർ പ്രവർത്തിപ്പിച്ചു. 2024-ലാ പ്രഭാത് കുമാർ ഐഎസ്‌ഐയുമായി ബന്ധം സഥാപിക്കുന്നത്. യുഎസ് വിസ വാഗ്ദാനം ചെയ്താണ് ഇയാളെ പാക് ചാരസംഘടന വശീകരിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
പാക് ചാരസംഘടനയ്ക്ക സിം കാർഡുകൾ നൽകിയതിന് പുറമേ, ഡിആർഡിഒ, ആർമി സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ശേഖരിക്കാൻ ഐഎസ്‌ഐ പ്രഭാത് കുമാറിനെ ചുമതലപ്പെടുത്തിയെന്ന് ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ ഡിസിപി അമിത് കൗശിക് പറഞ്ഞു.
കമ്പ്യൂട്ടർ ഹാർഡ്വെയർ, നെറ്റ്വർക്കിംഗ് എന്നിവയിൽ ഡിപ്ലോമയ്ക്കൊപ്പം ഇൻഫർമേഷൻ ടെക്നോളജിയിൽ ബിഎസ്സി ബിരുദവും നേടിയ പ്രഭാത് കുമാർ ചൗരാസിയ, പൂനെ, ലാത്തൂർ, സോളാപൂർ, ഡൽഹി എന്നിവിടങ്ങളിൽ ഫാർമസ്യൂട്ടിക്കൽ മേഖലയിൽ മുമ്പ് ജോലി ചെയ്തിട്ടുണ്ട്. 2017ൽ അദ്ദേഹം കാഠ്മണ്ഡുവിൽ ഒരു ലോജിസ്റ്റിക് കമ്പനി ആരംഭിച്ചു. എന്നാൽ ഇത് നഷ്ടത്തിലായതോടെയാണ് ഇയാൾ ഐഎസ്‌ഐയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ തുടങ്ങിയതെന്നാണ് വിവരം
















