ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന് അധോലോക സംഘത്തിന്‍റെ ഭീഷണി സന്ദേശം ലഭിച്ചെന്ന് റിപ്പോർട്ട്. ഡി-കമ്പനി എന്നറിയപ്പെടുന്ന ദാവൂദ് ഇബ്രാഹിന്‍റെ കുപ്രസിദ്ധ സംഘമാണ് ഇതിനുപിന്നിലെന്ന് സംശയിക്കുന്നതായി മുംബൈ ക്രൈം ബ്രാഞ്ച് അറിയിച്ചു. 2025 ഫെബ്രുവരി മുതൽ ഏപ്രിൽ വരെ റിങ്കു സിങ്ങിന്‍റെ പ്രമോഷണൽ ടീമിന് മൂന്ന് ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചത്. അഞ്ച് കോടി ആവശ്യപ്പെട്ടായിരുന്നു ഭീഷണിയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്‌തു.
കേസുമായി ബന്ധമുള്ള പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെ പോലീസ് കണ്ടെത്തിയിരുന്നു. വെസ്റ്റ് ഇൻഡീസിൽ നിന്ന് പിടികൂടിയ മുഹമ്മദ് ദിൽഷാദ്, മുഹമ്മദ് നവീദ് എന്നിവരെ ഓഗസ്റ്റ് 1 ന് ഇന്ത്യൻ അധികാരികൾക്ക് കൈമാറിയിരുന്നു. ആദ്യ സന്ദേശത്തില്‍, നവീദ് റിങ്കുവിനെ ഒരു ആരാധകനായി പരിചയപ്പെടുത്തി, പണത്തിനായുള്ള മാന്യമായ അഭ്യർത്ഥനയോടെയാണ് ഇത് ആരംഭിച്ചത്.
കുറച്ച് ദിവസങ്ങൾക്ക് ശേഷം, വീണ്ടും റിങ്കുവിന് സന്ദേശം അയച്ചു, പിന്നാലെ അഭ്യർത്ഥന ഭീഷണി സ്വരത്തിലേക്ക് മാറി. മറുപടി ലഭിക്കാത്തതിനാൽ, നവീദ് ഏപ്രിൽ 20 ന് റിങ്കുവിന് ഒരു അന്ത്യശാസനം അയച്ചു, ഗുരുതരമായ ഭീഷണിയായിരുന്നു അതിലുണ്ടായിരുന്നത്. കൊല്ലപ്പെട്ട മുൻ എംഎൽഎ ബാബ സിദ്ദിഖിയുടെ മകൻ സീഷാൻ സിദ്ദിഖിയിൽ നിന്ന് 10 കോടി രൂപ ആവശ്യപ്പെട്ടതിന് നേരത്തെ ഇരുവരേയും അറസ്റ്റ് ചെയ്‌തിരുന്നു. പ്രതികളിലൊരാൾ റിങ്കു സിങ്ങിനെ നേരിട്ട് വിളിച്ചതായി സമ്മതിച്ചെന്ന് റിപ്പോർട്ടുണ്ട്.
















