സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ സര്‍ക്കാര്‍ സംരക്ഷണം തേടി ദിനം പ്രതി വരുന്ന കുരുന്നുകളുടെ എണ്ണം കൂടുന്നു. സ്‌നേഹത്തൊട്ടിലിലെ പൊറ്റമ്മമാരൊടൊപ്പം കണ്ണുകള്‍ പൂട്ടി ഉറങ്ങാന്‍ കുരുന്നുകളുടെ പ്രവാഹം. ഇന്നലെ രാത്രിയും രണ്ട് കുട്ടികളാണ് ഇടവിട്ട് അമ്മത്തൊട്ടിലിന്റെ മാറിലേയ്ക്ക് വന്നു വീണത്. ബുധനാഴ്ച രാത്രി 9.15 ന് 3.65 കിഗ്രാം ഭാരവും ആറു ദിവസം പ്രായുള്ള ആണ്‍കുഞ്ഞും വ്യാഴാഴ്ച വെളുപ്പിന് 2.55 ന് 385 കി.ഗ്രാം ഭാരവും ഒരു മാസം പ്രായവുമുള്ള പെണ്‍കുഞ്ഞും അതിഥിയായി എത്തി.
അമ്മത്തൊട്ടില്‍ അവരെ ഒക്കത്തു ഏറ്റുവാങ്ങി ചാഞ്ചാട്ടി ഉറക്കി, ഒപ്പം സൈറനും മുഴക്കി കുരുന്നു മാലാഖമാരുടെ വരവ് അധികൃതരെ അറിയിച്ചു. തല്‍ക്ഷണം അമ്മമാര്‍ ഓടിയെത്തി വാരിപുണര്‍ന്ന് പരിചരണ കേന്ദ്രങ്ങളില്‍ എത്തിച്ച് പ്രാഥമിക പരിശോധനകള്‍ നടത്തി. കുരുന്നുകള്‍ക്ക് മുറ്റത്തെ കിളിക്കൂട്ടത്തെയും പ്രകൃതിയെയും സ്വതന്ത്ര സമരത്തേയും കോര്‍ത്തിണക്കി ‘മൈനയെന്നും ‘ മണ്‍വിളക്കിനെ ഓര്‍മ്മപ്പെടുത്തി ചിരാത് എന്നും പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ ഗോപി അറിയിച്ചു.
ഒക്ടോബര്‍ മാസം മാത്രം തിരുവനന്തപുരത്ത് 10ദിവസത്തിനിടയില്‍ 7കുട്ടികളെയാണ് ( 4 പെണ്‍, 3ആണ്‍) പരിചരണക്കായി ലഭിച്ചത്. സെപ്തംബര്‍ മാസം 4 കുട്ടികളും. പലകാരണങ്ങളാല്‍ കുട്ടികള്‍ ഉപേക്ഷിക്കപ്പെടാന്‍ നിര്‍ബദ്ധിതരാകുമ്പോള്‍ അവരെ സംരക്ഷിച്ച് സംരക്ഷണവും പരിചരണവും സമിതി ഭംഗിയായി ഏറ്റെടുക്കുന്നു എന്ന് ഉത്തമ ബോധ്യമുള്ളതു കൊണ്ടാണ് അമ്മ ത്തൊട്ടിലുകളില്‍ കുരുന്നുകളുടെ വരവ് വര്‍ദ്ധിക്കുന്നതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി പറഞ്ഞു. കുരുന്നുകളുടെ ദത്തെടുക്കന്‍ നടപടികള്‍ ആരംഭിക്കേണ്ടതിനാല്‍ ഇവര്‍ക്ക് അവകാശികള്‍ ആരെങ്കിലുമുണ്ടെങ്കില്‍ സമിതിയുമായി അടിയന്തിരമായി ബന്ധപ്പെടണം
CONTENT HIGH LIGHTS;Two more babies, ‘Maina’ and ‘Chirat’, have arrived at the mother’s nest.
















