തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പില്‍ ബസ് സ്റ്റാന്‍ഡിന് സമീപം ദേശീയപാതയോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ തീപിടിത്തം. ഇതുവരെ ആളാപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കണ്ണൂര്‍, പയ്യന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് അഗ്നിശമനസേന പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്.
കളിപ്പാട്ടങ്ങൾ വിൽക്കുന്ന കടയിൽനിന്നാണ് ആദ്യം തീപടർന്നതെന്നാണ് വിവരം. മൊബൈല്‍ ഷോപ്പുകളും തുണിക്കടകളും ഉള്‍ക്കൊള്ളുന്നതാണ് കെട്ടിടം.
മൂന്നു നില കെട്ടിടത്തിലെ 10 കടകൾ പൂർണമായും കത്തിയമർന്നു. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായമുണ്ടായതായി വിവരമില്ല. മൂന്ന് കോംപ്ലക്സുകളിലെ 43 സ്ഥാപനങ്ങളിലേക്ക് തീ പടർന്നതായി വ്യാപാരികളുടെ പ്രതിനിധി പറഞ്ഞു.
തീപിടിത്തമുണ്ടായ കടയ്ക്കു സമീപത്തെ തുണിക്കടകളിലേക്കും മൊബൈൽ ഫോൺ വിൽപനശാലകളിലേക്കും തീ പടർന്നതാണ് സ്ഥിതി ഗുരുതരമാക്കിയത്. കടകളിലെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് തീ അതിവേഗം പടരാൻ കാരണമായത്. കോംപ്ലക്സിൽ നിരവധി കടകൾ പ്രവർത്തിക്കുന്നുണ്ട്. ഉള്ളിലെ കടകളിലേക്കും തീ പടർന്നോയെന്ന് വ്യക്തമല്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ അഗ്നിരക്ഷാസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിക്കുകയാണ്.
ജില്ലയിലെ അഗ്നിരക്ഷാസേനാ യൂണിറ്റുകളെല്ലാം സ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുകയാണെന്ന് അധികൃതർ പറഞ്ഞു.
















