താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പ്രതി സനൂപ് വടിവാള്‍ കരുതിയ ബാഗുമായി ആശുപത്രിയില്‍ എത്തുന്നതും ഡോക്ടറെ ആക്രമിച്ച പ്രതിയെ ആശുപത്രി ജീവനക്കാര്‍ കീഴ്പ്പെടുത്തുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്.
പ്രതി സ്‌കൂള്‍ ബാഗില്‍ വടിവാളുമായാണ് ആശുപത്രിയിലെത്തിയത്. കൂടെ ഉണ്ടായിരുന്ന കുട്ടികളെ പുറത്തുനിര്‍ത്തി സൂപ്രണ്ടിന്റെ മുറിയിലേക്ക് കയറി ഡോക്ടർക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ശബ്ദം കേട്ട് മുറിയിലേക്ക് ഓടിക്കയറിയ ജീവനക്കാര്‍ ഇയാളെ പിടിച്ചുമാറ്റുകയായിരുന്നു.
കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പതു വയസ്സുകാരിയുടെ പിതാവാണ് ഡോക്ടറെ ആക്രമിച്ച സനൂപ്. ‘എന്റെ മകളെ കൊന്നു കളഞ്ഞവനല്ലേ’ എന്നു ചോദിച്ചായിരുന്നു ആക്രമണം നടത്തിയത്. എന്നാൽ കഴിഞ്ഞ ദിവസം സംഭവത്തില്‍ കുറ്റബോധമില്ലെന്നും വെട്ട് ആരോഗ്യമന്ത്രിക്കും സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നു എന്നുമായിരുന്നു പ്രതിയുടെ പ്രതികരണം.
STORY HIGHLIGHT: thamarassery doctor attacked
















