കൊച്ചി: ഓപ്പറേഷൻ നുംഖോറിൽ മൂന്നു വാഹനങ്ങൾ കൂടി കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. സിനിമാ നടൻ അമിത് ചക്കാലക്കലിന്റെ 2 വാഹനങ്ങളും മൂന്നാമത്തെ വാഹനം പാലക്കാട് സ്വദേശിയുടെതുമാണ്.
ഒളിപ്പിച്ച വാഹനങ്ങൾ അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു എന്ന് കസ്റ്റംസ് പ്രിവന്റീവ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. അതേ സമയം ഭൂട്ടാൻ കാർ കള്ളക്കടത്തിനു പിന്നിൽ കോയമ്പത്തൂരിലെ ഷൈൻ മോട്ടോർസ് എന്ന് സംഘത്തിന്റെ വിവരങ്ങൾ ലഭിച്ചതായി ഇ. ഡി വ്യക്തമാക്കി. സതിക് ഭാഷ, ഇമ്രാൻ ഖാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വിവരങ്ങളാണ് ഇഡിക്ക് ലഭിച്ചത്.
വ്യാജ എൻഒസികൾ ഉപയോഗിച്ച് ഭൂട്ടാനിൽ നിന്ന് അനധികൃതമായി വാഹനങ്ങൾ നാട്ടിലെത്തിച്ചു. സതിക് ഭാഷ, ഇമ്രാൻ ഖാൻ എന്നിവരുടെ മൊഴിയും ഇഡി രേഖപ്പെടുത്തി. ഭൂട്ടാനിലെ ആർമി മുൻ ഉദ്യോഗസ്ഥനെ ഇടനിലക്കാരൻ ആക്കിയായിരുന്നു തട്ടിപ്പ് നടത്തിയത്. ഭൂട്ടാനിൽ നിന്ന് 16 വാഹനങ്ങൾ വാങ്ങിയതായി കോയമ്പത്തൂർ സംഘം സമ്മതിച്ചു. ഇന്നലെ നടന്ന പരിശോധനയിൽ ഡിജിറ്റൽ രേഖകൾ അടക്കം പിടിച്ചെടുത്തു എന്ന് ഇഡി വൃത്തങ്ങൾ വിശദമാക്കി.
















