നമ്മൾ കേരളീയരുടെ ഇഷ്ടഭക്ഷണമാണ് ചോറും മീൻ കറിയും. മീൻകറി എന്ന് വച്ചാൽ ഉലുവയോക്കെ ചേർത്ത നല്ല അടിപൊളി കറി. മീൻ കറി വെക്കുമ്പോൾ നമ്മൾ എല്ലാവരും ഉലുവ ചേർക്കാറുണ്ട്. ഇതിന് പിന്നിൽ പ്രധാനമായ ഒരു കാരണമുണ്ട്. മിക്കവർക്കും കാരണമൊന്നുമറിയില്ലെങ്കിലും പണ്ടുമുതൽ നമ്മുടെ അമ്മമാർ ചെയ്യുന്നത് കണ്ട് നമ്മളും ശീലിച്ചു വരുന്നു.
ഉലുവ ചേർക്കുന്നതിന്റെ പ്രധാന കാരണം, കേരളീയ രുചിയിലുള്ള മീൻകറികളിൽ പലപ്പോഴും വാളൻപുളി അല്ലെങ്കിൽ കുടംപുളി ഉപയോഗിക്കാറുണ്ട്. ഒപ്പം തന്നെ മിക്കവരും ഉലുവ പൊടി അല്ലെങ്കിൽ ഉലുവയോ ചേര്‍ക്കാറുണ്ട്. ഉലുവയ്ക്ക് നേരിയ കൈപ്പ് രസമുണ്ട്, ഇത് കറിയുടെ കടുത്ത പുളിയെ സന്തുലിതമാക്കി, രുചികൂട്ടാൻ സഹായിക്കുന്നു. അതായത് ഉലുവ ചേർക്കുന്നത് പുളി കുറയ്ക്കാൻ സഹായിക്കും.
മീൻകറിയിൽ ഉലുവ ചേർക്കുമ്പോഴുണ്ടാകുന്ന ഗുണങ്ങളെന്തൊക്കെയെന്ന് നോക്കാം;
കറിയുടെ സുഗന്ധത്തിനായും സ്വാദിനായും ഉലുവ മീൻ കറിയിൽ ചേർക്കുന്നു.
ഉലുവയുടെ നേരിയ കയ്പ്പ് മീൻകറിയിൽ ചേർക്കുന്ന പുളിയുടെ രുചിയുമായി ഒരുമിക്കുമ്പോൾ പ്രത്യേക രുചി നൽകുന്നു.
അമിതമായ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും, കൂടാതെ ഇത് ആരോഗ്യത്തിന് നല്ലതുമാണ്.
മുളകരച്ച മീന്‍ കറികള്‍ കഴിക്കുന്നത് ചിലർക്ക് വയറ്റിൽ ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കും. അത് ഒഴിവാക്കാനും മീൻകറിയിൽ ഉലുവ ചേർക്കുന്നത് നല്ലതാണ്. ഉലുവ ദഹനം മെച്ചപ്പെടുത്തുകയും അസിഡിറ്റി കുറയ്ക്കുകയും ചെയ്യുന്നതിനാൽ, കറി എളുപ്പത്തിൽ ദഹിക്കാൻ സഹായിക്കുന്നു.
ഉലുവ ചേർക്കുന്നത് കൊണ്ട് മീൻകറി കൂടുതൽ കാലം കേടുവരാതെ സൂക്ഷിക്കാൻ സഹായിക്കുന്നു, പ്രത്യേകിച്ചും ചൂടും ഈർപ്പവുമുള്ള കാലാവസ്ഥകളിൽ ഇത് പ്രധാനമാണ്.
ഒമേഗ-3 ധാരാളമായുള്ള മത്സ്യത്തിലും ഉലുവയിലും വീക്കം തടയുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ചേരുമ്പോൾ സന്ധി വേദന, നീര്, ശരീരത്തിലെ വീക്കം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.
മീന്‍കറി തയാറാക്കി കഴിയുമ്പോള്‍ താളിക്കുമ്പോള്‍ ഉലുവ പൊട്ടിച്ച് താളിക്കാം. അല്ലെങ്കില്‍ അല്പം ഉലുവപൊടി ചേര്‍ക്കുന്നതും രുചി കൂട്ടാൻ നല്ലതാണ്.
ഉലുവയുടെ ആരോഗ്യ ഗുണങ്ങൾ
ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ദഹനത്തെ മെച്ചപ്പെടുത്താനും മലബന്ധം, അസിഡിറ്റി, വയറുവീക്കം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാനും ഉലുവ സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതിനാൽ ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഉലുവ നല്ലതാണ്.
ഫൈബർ കൂടുതലായതിനാൽ വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും ഉലുവ പ്രയോജനകരമാണ്.
ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കുറയ്ക്കാനും നല്ല കൊളസ്‌ട്രോൾ വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാൻ ഉലുവ സഹായിക്കും.
കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടെ ആരോഗ്യത്തിന് ഉലുവ നല്ലതാണ്.
ചർമ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിന് ഉലുവ ഗുണകരമാണ്. തലമുടി കൊഴിച്ചിൽ, താരൻ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് സഹായിക്കും.
പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഉലുവ സഹായിക്കുന്നു.
















