ന്യൂഡല്‍ഹി: സുപ്രീം കോടതിയിൽ വെച്ച് അഭിഭാഷകൻ തനിക്ക് നേരെ ചെരിപ്പെറിഞ്ഞ സംഭവത്തിൽ പ്രതികരണവുമായി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ബി ആർ ഗവായ്. സംഭവത്തെ “മറന്നുപോയ അധ്യായം” എന്നാണ് ചീഫ് ജസ്റ്റിസ് ആദ്യ പ്രതികരണത്തിൽ വിശേഷിപ്പിച്ചത്. പെട്ടെന്നുണ്ടായ ആക്രമണത്തില്‍ താനും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ഞെട്ടിപ്പോയിരുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഒക്ടോബര്‍ ആറിന് കോടതി നടപടികള്‍ക്കിടെയാണ് അഭിഭാഷകനായ രാകേഷ് കിഷോര്‍ ചീഫ് ജസ്റ്റിസിനുനേരെ ചെരിപ്പെറിയാന്‍ ശ്രമിച്ചത്. പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിച്ച പദ്ധതികള്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ പാരിസ്ഥിതിക അനുമതി നല്‍കുന്നതില്‍നിന്ന് കേന്ദ്രത്തെ വിലക്കിയ വനശക്തി വിധിക്കെതിരെ പുനഃപരിശോധനയും ഭേദഗതികളും ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കൂട്ടം ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്.
‘തിങ്കളാഴ്ച നടന്ന സംഭവത്തില്‍ എന്റെ സഹപ്രവര്‍ത്തകനായ ജസ്റ്റിസ് ചന്ദ്രനും ഞാനും ഞെട്ടിപ്പോയിരുന്നു. എന്നാല്‍, ഇപ്പോള്‍ ഞങ്ങള്‍ക്ക് അത് മറന്നുപോയ ഒരു അധ്യായമാണ്’. ആക്രമണത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. അതേസമയം, അഭിഭാഷകന്റെ പ്രവൃത്തി പൊറുക്കാനാവാത്തതാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ചീഫ് ജസ്റ്റിസിന്റെ ഔദാര്യത്തെയും സംയമനത്തെയും അദ്ദേഹം പ്രശംസിച്ചു.കുറ്റക്കാരനായ അഭിഭാഷകനെതിരായി ഇപ്പോള്‍ എടുത്ത നടപടി മതിയായില്ലെന്ന് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍ അഭിപ്രായപ്പെട്ടു. ‘എനിക്ക് ഇതില്‍ എന്റേതായ അഭിപ്രായങ്ങളുണ്ട്. അദ്ദേഹം ചീഫ് ജസ്റ്റിസാണ്, ഇതൊരു തമാശയല്ല. ആക്രമണം പരമോന്നത കോടതിയോടുള്ള അവഹേളനമാണ്. ഉചിതമായ നടപടി സ്വീകരിക്കണമായിരുന്നു.’ അദ്ദേഹം പറഞ്ഞു.
അതേസമയം, ഈ സംഭവത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും, നിലവില്‍ പരിഗണിച്ചുകൊണ്ടിരിക്കുന്ന കേസിലെ വിഷയവുമായി മുന്നോട്ടുപോകണമെന്നും കോടതിയിലുണ്ടായിരുന്ന മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. പിന്നാലെ, ‘ഞങ്ങള്‍ക്ക് അതൊരു മറന്നുപോയ അധ്യായമാണ്…’ എന്ന് പറഞ്ഞുകൊണ്ടാണ് ചീഫ് ജസ്റ്റിസ് കേസിലെ വാദം കേള്‍ക്കലുമായി മുന്നോട്ട് പോയത്.
കോടതിമുറിയില്‍ ചീഫ് ജസ്റ്റിസിന് നേരെ എറിയാന്‍ ശ്രമിച്ച അഭിഭാഷകന്‍ രാകേഷ് കിഷോറിനെ ‘ഗുരുതരമായ പെരുമാറ്റദൂഷ്യത്തിന്’ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ അംഗത്വം സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ (എസ്സിബിഎ) വ്യാഴാഴ്ച അടിയന്തര പ്രാബല്യത്തോടെ റദ്ദാക്കി.
കിഷോറിന്റെ അപലപനീയവും അച്ചടക്കമില്ലാത്തതും സംയമനമില്ലാത്തതുമായ പെരുമാറ്റം ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണവും തൊഴില്‍പരമായ ധാര്‍മികത, മര്യാദ, സുപ്രീം കോടതിയുടെ അന്തസ്സ് എന്നിവയുടെ ഗുരുതരമായ ലംഘനവുമാണെന്ന് ബാര്‍ അസോസിയേഷന്‍ പറഞ്ഞു.’ഈ പ്രവൃത്തി ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനും കോടതി നടപടികളുടെ പവിത്രതയ്ക്കും ബാറും ബെഞ്ചും തമ്മിലുള്ള പരസ്പര ബഹുമാനത്തിന്റെയും വിശ്വാസത്തിന്റെയും ദീര്‍ഘകാല ബന്ധത്തിനും നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി കണ്ടെത്തി.’ എന്നാണ് ബാര്‍ അസോസിയേഷന്‍ പ്രമേയത്തില്‍ പരാമര്‍ശിച്ചത്. അതേസമയം, കഴിഞ്ഞ മാസം വിഷ്ണു വിഗ്രഹ കേസില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ താന്‍ അങ്ങേയറ്റം വേദനിച്ചുവെന്ന് അവകാശപ്പെട്ടുകൊണ്ടാണ് രാകേഷ് കിഷോര്‍ തന്റെ പ്രവൃത്തിയെ ന്യായീകരിക്കാന്‍ ശ്രമിച്ചത്.
















