കേരള ലൈഫ് സയന്‍സസ് ഇന്‍ഡസ്ട്രീസ് പാര്‍ക്കും ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കും ചേര്‍ന്നു കോവളത്ത് സംഘടിപ്പിക്കുന്ന ബയോകണക്ട് 3.0 അന്താരാഷ്ട്ര കോണ്‍ക്ലേവിന്റെ ആദ്യദിവസം തന്നെ കേരളത്തിന്റെ ലൈഫ് സയന്‍സസ് മേഖലയില്‍ 180 കോടിയോളം രൂപയുടെ നിക്ഷേപം കൊണ്ടുവരാന്‍ സാധിച്ചു. തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ നിക്ഷേപം നടത്താന്‍ തയ്യാറായ ഏഴ് സ്ഥാപനങ്ങളുമായുള്ള താല്‍പര്യപത്രം കോണ്‍ക്ലേവിന്റെ ഉദ്ഘാടനവേദിയില്‍വച്ച് കൈമാറി.
താല്‍പര്യപത്രങ്ങളനുസരിച്ച് 183.45 കോടി രൂപയുടെ നിക്ഷേപമാണ് ലൈഫ് സയന്‍സസ് പാര്‍ക്കിലേക്കെത്തുന്നത്. ത്രിത ബയോടെക് പ്രൈവറ്റ് ലിമിറ്റഡ്, ബയോക്വാട്ടിക്‌സ് സൊല്യൂഷന്‍സ്, കെംറോ ടെക് പ്രൈവറ്റ് ലിമിറ്റഡ്, അവെസ്താജെന്‍ ലിമിറ്റഡ്, ബയോടെക് ഗ്ലോബല്‍ സൊല്യൂഷന്‍സ്, ലിവിഡസ് ഹെല്‍ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ്, ക്രിസ്റ്റല്‍ പോ വെഞ്ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് നിക്ഷേപ സന്നദ്ധതയറിയിച്ച് താല്‍പര്യപത്രം കൈമാറിയത്.
രോഗനിര്‍ണയത്തിനായി കുറഞ്ഞ ചിലവില്‍ ഉപയോഗിക്കാവുന്ന പോയന്റ് ഓഫ് കെയര്‍ ടെസ്റ്റിങ് ഉപകരണങ്ങളുടെ നിര്‍മാണം, ഡിഎന്‍എ അടിസ്ഥാനമാക്കി വളരെ വേഗത്തില്‍ രോഗാണുക്കളെ തിരിച്ചറിയാനുള്ള സംവിധാനങ്ങള്‍, കോഴിവളര്‍ത്തല്‍, കന്നുകാലി വളര്‍ത്തല്‍, മത്സ്യക്കൃഷി തുടങ്ങിയ മേഖലകള്‍ക്കുവേണ്ടി ആല്‍ഗകളില്‍ നിന്നും ഒമേഗ 3 യുടെയും ഒമേഗ 6 ന്റെയും ഉത്പാദനം, പുതുതലമുറ രോഗനിര്‍ണയക്കിറ്റുകള്‍, നിര്‍മ്മിതബുദ്ധി അധിഷ്ഠിതമായ പോയന്റ് ഓഫ് കെയര്‍ ടെസ്റ്റിങ് ഉപാധികളുടെ നിര്‍മ്മാണം, മറ്റു മെഡിക്കല്‍ ഡിവൈസുകളുടെ നിര്‍മ്മാണം തുടങ്ങിയ മേഖലകളിലാണ് കമ്പനികള്‍ നിക്ഷേപം നടത്തിയിട്ടുള്ളത്.
ജീവശാസ്ത്ര രംഗത്തെ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും നൂതനാശയങ്ങള്‍ സാക്ഷാത്കരിക്കാന്‍ വേണ്ടി സജ്ജീകരിക്കുന്ന ക്ലിപ് ഡിഎന്‍എ ഇന്‍ക്യുബേഷന്‍ സെന്ററുകളുടെ പ്രഖ്യാപനവും കോണ്‍ക്ലേവിന്റെ ആദ്യ ദിവസം നടന്നു.
STORY HIGHLIGHT: bio connect 3.0
















