ബെംഗളൂരു: കർണാടക നടന്ന സർക്കാർ പരിപാടിയിൽ ഇമാം ഖുർആൻ പാരായണം നടത്തിയെന്ന് ബിജെപി പ്രചാരണം. ഒക്ടോബർ 5 ന് ഹുബ്ബള്ളിയിൽ നടന്ന പരിപാടിയിലാണ് ഖുറാൻ പാരായണം നടത്തിയതെന്ന് ബിജെപി ആരോപിച്ചു. അതേസമയം, സർക്കാർ പരിപാടിയാണെന്ന ആരോപണം കോൺഗ്രസ് നിഷേധിച്ചു.
Blatant misuse of government platforms by the @INCKarnataka government in Karnataka!
In Hubballi, a publicly funded event was hijacked by Congress leaders and officials — turned into a full-fledged party show. Party banners on stage, Quran recitation in a government function,… pic.twitter.com/oz3mtsCBI4
— Arvind Bellad (@BelladArvind) October 8, 2025
പാരായണത്തിന്റെ വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. സംഭവം എല്ലാ വിധത്തിലും ഇത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് ബിജെപി ആരോപിച്ചു. ഖുറാൻ മാത്രമല്ല, മറ്റ് മതങ്ങളുടെ പ്രാർഥനയും വേദിയിൽ ആലപിച്ചെന്ന് മന്ത്രി സന്തോഷ് ലാഡ് മറുപടി നൽകി.
അതൊരു സർക്കാർ പരിപാടിയായിരുന്നു. എങ്ങനെയാണ് അവർക്ക് ഇമാമിനെ വിളിച്ച് ഖുർആൻ പാരായണം ചെയ്യാൻ കഴിയുക. സർക്കാർ പരിപാടിയിൽ കോൺഗ്രസ് പതാകകൾ ഉണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ പാർട്ടി പ്രവർത്തകരെപ്പോലെയാണ് പെരുമാറിയതെന്ന് ബിജെപി എംഎൽഎയും പ്രതിപക്ഷ ഉപനേതാവുമായ അരവിന്ദ് ബെല്ലാഡ് പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണവും അടിയന്തര നടപടിയും ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയെന്നും സർക്കാർ നടപടിയെടുക്കുന്നില്ലെങ്കിൽ, വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഈ വിഷയം ശക്തമായി ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പിന്നാലെ മറുപടിയുമായി മന്ത്രിയും രംഗത്തെത്തി. ഈ പ്രത്യേക വീഡിയോ എടുത്ത് കാണിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. ഖുറാനിൽ നിന്നുള്ള ഒരു പാരായണം ഉണ്ടായിരുന്നു. എന്നാൽ ഹിന്ദു ദൈവങ്ങൾക്കും ദേവതകൾക്കും വേണ്ടിയുള്ള മറ്റ് പാരായണങ്ങളും ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തിന് എതിർപ്പുകൾ ഉള്ളതെന്ന് എനിക്കറിയില്ലെന്ന് ചടങ്ങിൽ പങ്കെടുത്ത സംസ്ഥാന മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു.
അതൊരു സർക്കാർ പരിപാടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് കോർപ്പറേറ്റർമാരാണ് പരിപാടി സംഘടിപ്പിച്ചത്. അത്തരമൊരു പരിപാടിയിൽ കോൺഗ്രസ് പതാകകൾ പ്രദർശിപ്പിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹുബ്ബള്ളിയിൽ നടന്ന പരിപാടിയിൽ ദേവർ ഗുഡിഹാൾ റോഡിലെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്ക് സൗജന്യ തയ്യൽ മെഷീനുകളുടെ വിതരണവും ഉൾപ്പെട്ടിരുന്നു. തൊഴിൽ, ജില്ലാ ചുമതലയുള്ള മന്ത്രി സന്തോഷ് ലാഡ് പദ്ധതികൾ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ 14 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചു.
















