വനങ്ങളിൽ കടുവകളുടെ എണ്ണം വർധിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു. വനത്തിന്റെ അതിർത്തി പ്രദേശങ്ങൾ വരെ കടുവകൾ എത്തുന്നതിനാൽ ഇവയെക്കണ്ട് പുള്ളിപ്പുലികൾ കാട്ടിൽ നിന്ന് നാട്ടിലേക്കിറങ്ങുകയാണ്. ഇങ്ങനെ പുള്ളിപ്പുലികളുടെ വരവ് ജനവാസ മേഖലകളിലും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇവ മനുഷ്യ-വന്യജീവി സംഘർഷം വർധിപ്പിക്കുകയാണ്. വനത്തിൽ കടുവകളും ജനവാസ മേഖലകളിൽ മനുഷ്യരും പുള്ളിപ്പുലികളുടെ നിലനിൽപ്പ് പ്രതിസന്ധിയിലാക്കുന്നു.
പുള്ളിപ്പുലികളുടെ ഈ അവസ്ഥയിൽ വനം വകുപ്പും വന്യജീവി വിദഗ്ധരും ആശങ്കാകുലരാണ്. ജിം കോർബറ്റ് ടൈഗർ റിസർവിലെ കടുവകളുടെ എണ്ണം വർധിക്കുന്നതിനൊപ്പം, തൊട്ടടുത്തുള്ള ടെറായി വെസ്റ്റേൺ ഫോറസ്റ്റ് ഡിവിഷനിൽ 57 കടുവകളുടെ സാന്നിധ്യവുമുണ്ട്. ടെറായി വനങ്ങളിൽ വർധിച്ചുവരുന്ന കടുവകളുടെ എണ്ണം പുള്ളിപ്പുലികൾക്ക് ഭീഷണിയാണ്.
കടുവകൾ ഇപ്പോൾ വനത്തിന്റെ അതിർത്തി പ്രദേശങ്ങളിലുമെത്തിയിരിക്കുന്നു. ഇതുകാരണം കടുവകളെ കാണുമ്പോഴേക്കുംപുള്ളിപ്പുലികൾ കാട്ടിൽനിന്ന് ജനവാസ മേഖലകളിലേക്കിറങ്ങുകയാണ്. പുള്ളിപ്പുലികൾ പകൽ വെട്ടത്തുപോലും വീടുകളിൽ വളർത്തുന്ന നായ്ക്കളെയും പൂച്ചകളെയും വേട്ടയാടുകയാണ്. കടുവാ സങ്കേതത്തോട് ചേർന്ന ജനവാസ മേഖലകളിൽ വസിക്കുന്നവർ പരാതിയുമായി വനംവകുപ്പ് ഓഫിസിലെത്തുകയാണ്. രാത്രി കാലങ്ങളിൽ പശുക്കൾക്കും ആടുകൾക്കും കാവലിരിക്കുകയാണവർ.
ടെറായി വെസ്റ്റ് ഫോറസ്റ്റ് ഡിവിഷനിലെ അംപോഖര റേഞ്ചിലെ ദേവിപുര, ബസായി, മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പുള്ളിപ്പുലികളെ പതിവായി കാണുന്നുണ്ട്. വളർത്തുനായ്ക്കളെയും പൂച്ചകളെയും പുള്ളിപ്പുലികൾ വേട്ടയാടുന്നുണ്ട്. ഗ്രാമവാസികളുടെ അഭ്യർഥനപ്രകാരം, പുള്ളിപ്പുലികളെ നിരീക്ഷിക്കുന്നതിനായി നിരവധി ജനവാസ മേഖലകളിൽ കാമറ കെണികൾ സ്ഥാപിച്ചിട്ടുണ്ട്.
















