കാക്കനാട്: വാഴക്കാലയില്‍ യുവാവിനെ ട്രാഫിക് വാര്‍ഡന്‍മാര്‍ മര്‍ദിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെയാണ് കേസ്. ജിനീഷിൻ എന്നയാളെ ആണ് ആറ് ട്രാഫിക് വാര്‍ഡന്‍മാര്‍ ചേർന്ന് ക്രൂരമായി മര്‍ദിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു സംഭവം.
നിലത്തിട്ട് ചവിട്ടിയും കൈകൊണ്ടും യുവാവിനെ മര്‍ദിക്കുകയായിരുന്നു. വാഴക്കാലയില്‍ റോഡിന്റെ ഒരുവശം ട്രാഫിക് നിയന്ത്രിച്ച ശേഷം വാഹനം കടത്തി വിടാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. ബൈക്കില്‍ നിന്ന് യുവാവിനെ വലിച്ചിറക്കി സമീപത്തെ വീട്ടുമുറ്റത്ത് കൊണ്ടുവന്നാണ് മര്‍ദിച്ചത്. നിലത്ത് തള്ളിയിട്ട ശേഷം ചവിട്ടിയും,കൈകള്‍ കൊണ്ട് മര്‍ദിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. അക്രമം കണ്ട നാട്ടുകാര്‍ ഇടപെട്ടാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് പ്രദേശവാസികള്‍ ജിനീഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍ നടപടി സ്വീകരിക്കും എന്ന് തൃക്കാക്കര പൊലീസ് വ്യക്തമാക്കി.
















