വനിതാ ഏകദിന ലോകകപ്പിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയെ മൂന്നുവിക്കറ്റിന് തോല്‍പിച്ച് ദക്ഷിണാഫ്രിക്ക. 252 റണ്‍സ് വിജയലക്ഷ്യം ഏഴുപന്ത് ശേഷിക്കെ മറികടന്നു. 81 റണ്‍സെടുക്കുന്നതിനിടെ 5വിക്കറ്റ് നഷ്ടമായ ശേഷമാണ് ദക്ഷിണാഫ്രിക്കയുടെ തിരിച്ചുവരവ്.
തോല്‍വിയുടെ പടിക്കല്‍ നിന്ന് ദക്ഷിണാഫ്രിക്കയ്ക്ക് ജയമൊരുക്കിയത് നദീന്‍ ഡി ക്ലര്‍ക്കിന്‍റെ ഇന്നിങ്സാണ്. നദീന്‍ ക്രീസിലെത്തുമ്പോള്‍ 252 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 142 റണ്‍സിന് ആറുവിക്കറ്റെന്ന നിലയിലായിരുന്നു. നഷ്ടമായത് 70 റണ്‍സെടുത്ത ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ടിനെയും. ഏഴാം വിക്കറ്റില്‍ ക്ലോയി ട്രയണെ കൂട്ടുപിടിച്ച് 69 റണ്‍സ് കൂട്ടുകെട്ടാണ് നദീന്‍ ഉണ്ടാക്കിയത്. 49 റണ്‍സില്‍ നില്‍ക്കെ ക്ലോയിയെ പുറത്താക്കി സ്നേഹ് റാണ കൂട്ടുകെട്ട് പൊളിച്ചെങ്കിലും ഇന്ത്യയുടെ ആശ്വാസത്തിന് ആയുസുണ്ടായിരുന്നില്ല.
അടുത്ത 18 പന്തില്‍ നിന്ന് 41 റണ്‍സ് അടിച്ചെടുത്ത് നദീന്‍ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ജയമൊരുക്കി. 54 പന്തില്‍ നിന്ന് നദീന്‍ നേടിയത് 84 റണ്‍സ്. 100 റണ്‍സെടുക്കുന്നതിനിടെ അഞ്ചുവിക്കറ്റ് നഷ്ടമായ ശേഷമാണ് ഇന്ത്യ 251 റണ്‍സെടുത്തത്. എട്ടാമതായി ക്രീസിലെത്തി 94 റണ്‍സെടുത്ത റിച്ച ഘോഷാണ് ഇന്ത്യയ്ക്കായി തിളങ്ങിയത് . റിച്ച സ്നേഹ് റാണ കൂട്ടുകെട്ട് 88 റണ്‍സ് നേടി. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ തോല്‍വിയാണ്. നാലുപോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
















