സൗദി അറേബ്യയിൽ പുകയില ഉൽപന്നങ്ങളുടെ വിൽപ്പന നിയന്ത്രിക്കുന്ന കടകൾക്കായുള്ള പുതുക്കിയ നിയന്ത്രണ മാനദണ്ഡങ്ങൾ മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം അംഗീകരിച്ചു. പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുക, രാജ്യത്തുടനീളം ചിട്ടയായ വാണിജ്യ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ ചട്ടങ്ങൾ. മസ്ജിദുകൾ, വിദ്യാലയങ്ങൾ എന്നിവയിൽ നിന്ന് കുറഞ്ഞത് 500 മീറ്റർ അകലെ മാത്രമേ കച്ചവട സ്ഥാപനം പ്രവർത്തിക്കാവൂ. കടകൾ നഗരപ്രദേശത്തെ വാണിജ്യ കെട്ടിടത്തിനുള്ളിൽ സ്ഥിതി ചെയ്യണം. കുറഞ്ഞത് 36 ചതുരശ്ര മീറ്റർ വിസ്തീർണം ഉണ്ടായിരിക്കണം.
ഭിന്നശേഷിക്കാർക്ക് പ്രവേശിക്കാൻ റാംപുകൾ, അലാറം, അഗ്നിശമന സംവിധാനങ്ങൾ, സൗദി ബിൽഡിങ് കോഡ് പ്രകാരമുള്ള ലൈറ്റിങ്, വെന്റിലേഷൻ എന്നിവ നിർബന്ധമാണ്. കൂടാതെ, ഇൻഡോർ, ഔട്ട്ഡോർ നിരീക്ഷണ ക്യാമറകളും സ്ഥാപിക്കണം. സിഗരറ്റുകൾ, പുകയില, ഇ-സിഗരറ്റുകൾ, ഹുക്കകൾ, അനുബന്ധ ഉൽപ്പന്നങ്ങൾ വിൽക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്.
18 വയസ്സിന് താഴെയുള്ളവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് കർശനമായി നിരോധിച്ചു. പ്രായം തെളിയിക്കുന്ന രേഖ ആവശ്യപ്പെടാൻ വിൽപ്പനക്കാർക്ക് അധികാരമുണ്ട്. വെൻഡിങ് മെഷീനുകൾ വഴി പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിച്ചു. പുകയില ഉൽപ്പന്നങ്ങളുടെ ചില്ലറ വിൽപനയും നിരോധിച്ചിട്ടുണ്ട്.
ഉറവിടം അജ്ഞാതമായതോ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ അടങ്ങിയതോ ആയ ഉൽപ്പന്നങ്ങൾ കൈവശം വയ്ക്കുന്നതും പ്രദർശിപ്പിക്കുന്നതും വിലക്കിയിട്ടുണ്ട്. സ്ഥാപനത്തിന് പുറത്ത് ചിഹ്നങ്ങളിൽ ലോഗോകളോ പ്രമോഷണൽ മെറ്റീരിയലുകളോ സ്ഥാപിക്കാൻ പാടില്ല. പുകയില ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കുക, സമ്മാനങ്ങളായോ സൗജന്യ സാമ്പിളുകളായോ ഓഫർ ചെയ്യുക, പരസ്യം ഉൾക്കൊള്ളുന്ന ഉൽപ്പന്നങ്ങൾ വിൽക്കുക എന്നിവയും നിരോധിച്ചു.
പുകവലിയുടെ അപകടങ്ങളെക്കുറിച്ചുള്ള അവബോധ വാക്യങ്ങൾ ഉൾക്കൊള്ളുന്ന മുന്നറിയിപ്പ് അടയാളങ്ങൾ കടകളിൽ നിർബന്ധമാണ്. ലൈസൻസിങ് ഡാറ്റയുമായി ബന്ധിപ്പിച്ച ഒരു ക്യൂആർ കോഡ് പ്രദർശിപ്പിക്കണം. ഇ-സിഗരറ്റ് ലിക്വിഡ് കണ്ടെയ്‌നറുകൾ ചോർച്ച തടയാൻ കർശനമായി അടച്ചിരിക്കണം. ഈ ഉൽപ്പന്നങ്ങളിൽ പുകയില ദ്രാവകങ്ങൾ വീണ്ടും നിറയ്ക്കുന്നതും നിരോധിച്ചു. നിയമം നടപ്പിലാക്കുന്നത് മുനിസിപ്പൽ അധികാരികൾ നിരീക്ഷിക്കുമെന്നും ലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
















