കൊച്ചി: കുണ്ടന്നൂരില്‍ തോക്ക് ചൂണ്ടി പണം കവർച്ച ചെയ്ത കേസില്‍ പ്രതികള്‍ അറസ്റ്റില്‍. മുഖ്യസൂത്രധാരൻ അഭിഭാഷകൻ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. എറണാകുളം ജില്ലാ അഭിഭാഷകൻ നിഖിൽ നരേന്ദ്രനാഥ് അടക്കമുള്ളവരാണ് പിടിയിലായത്. അഞ്ചുപേരെ പൊലീസ് റിമാന്‍ഡ് ചെയ്തു. അറസ്റ്റിലായവരിൽ ബുഷറ എന്ന സ്ത്രീയമുണ്ട്. പിടിയിലായവരിൽ ഒരാള്‍ മുഖം മൂടി ധരിച്ച് പണം തട്ടിയവരുടെ കൂട്ടത്തിലുള്ളയാലാണ്. മറ്റു ആറുപേര്‍ കുറ്റകൃത്യം ആസൂത്രണം ചെയ്തവരാണ്. തൃശൂര്‍ വലപ്പാട് നിന്നും എറണാകുളത്തുനിന്നുമാണ് പ്രതികള്‍ പിടിയിലായത്.
കവർച്ചാ സംഘത്തിലുണ്ടായിരുന്ന മുഖംമൂടി ധരിച്ച മറ്റ് രണ്ട് പേർക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കവര്‍ച്ചയിൽ നേരിട്ട് പങ്കെടുത്ത ഒരാളുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മരട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. തട്ടിയെടുത്ത 80 ലക്ഷം രൂപയിൽ 20 ലക്ഷം രൂപയും പൊലീസ് വലപ്പാട് നിന്ന് കണ്ടെടുത്തതായി സൂചനയുണ്ട്. ഇക്കാര്യം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വലപ്പാട് സ്വദേശിയുടെ പക്കൽ നിന്ന് തോക്കും കണ്ടെടുത്തതായും വിവരമുണ്ട്. അതേസമയം, നോട്ട് ഇരട്ടിപ്പ് സംഘവുമായി ബന്ധമുള്ള സ്ത്രീയും അന്വേഷണ പരിധിയിലുണ്ടെന്നാണ് വിവരം. വിശദമായ അന്വേഷണത്തിനൊടുവിൽ വ്യക്തത വരുത്തുമെന്ന് പൊലീസ് അറിയിച്ചു.
















