യുഎഇയുടെ ഗതാഗത ഭൂപടം മാറ്റിയെഴുതാൻ ഒരുങ്ങുന്ന ഇത്തിഹാദ് റെയിലിന്റെ യാത്രാ സർവീസിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. രാജ്യത്തിന്റെ വികസന ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി മാറിയ ഈ പരീക്ഷണ യാത്രയിൽ യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. ദുബായിലെ അൽ ഖുദ്റയിൽ നിന്ന് ഫുജൈറയിലേയ്ക്കായിരുന്നു ആദ്യ യാത്ര.
2026-ൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ ഈ റെയിൽ ശൃംഖല യുഎഇയിലെ നഗരങ്ങളെ ബന്ധിപ്പിച്ചും ഗതാഗതക്കുരുക്ക് കുറച്ചും ജനജീവിതം എങ്ങനെ മാറ്റിമറിക്കുമെന്നതിന്റെ സൂചന നൽകുന്നതായിരുന്നു ഈ പര്യടനം.
ഏഴ് എമിറേറ്റുകളിലായി 11 നഗരങ്ങളെ ബന്ധിപ്പിക്കുന്ന 900 കിലോമീറ്റർ ദൈർഘ്യമുള്ള ഇത്തിഹാദ് റെയിൽ ശൃംഖല, മരുഭൂമികളും ഹജർ പർവതനിരകളും ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന ഭൂപ്രകൃതികളിലൂടെയാണ് കടന്നുപോകുന്നത്. ഈ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതി യാത്രാക്കാർക്ക് മനോഹരവും സുഗമവുമായ യാത്രാനുഭവം നൽകാനാണ് ലക്ഷ്യമിടുന്നത്.
ഇത്തിഹാദ് റെയിലിന്റെ നിലവിലുള്ള കാർഗോ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതാകും പുതിയ യാത്രാ സർവീസുകൾ. കാർഗോ സർവീസുകൾ വഴി 2030നകം പ്രതിവർഷം 60 ദശലക്ഷം ടണ്ണിലധികം ചരക്കുകൾ ഗതാഗതം ചെയ്യാനാകുമെന്നാണ് കണക്കുകൂട്ടൽ.
യാത്രാ, ചരക്ക് ഗതാഗത സേവനങ്ങളുടെ സംയോജനം യുഎഇയുടെ ഗതാഗത അടിസ്ഥാന സൗകര്യങ്ങളുടെ മൊത്തത്തിലുള്ള കാര്യക്ഷമത വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പൂർണമായി പ്രവർത്തനം ആരംഭിച്ചാൽ പടിഞ്ഞാറ് അൽ സില മുതൽ കിഴക്കൻ തീരത്തെ ഫുജൈറ വരെ 11 നഗരങ്ങളെ ഈ ശൃംഖല ബന്ധിപ്പിക്കും. ഓരോ ട്രെയിനിലും 400 യാത്രക്കാരെ വരെ വഹിക്കാൻ സാധിക്കും. 2030 നേകം പ്രതിവർഷം 36.5 ദശലക്ഷം യാത്രക്കാർ റെയിൽവേ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ട്രെയിനുകൾക്ക് മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുമെന്നതിനാൽ യാത്രാസമയം ഗണ്യമായി കുറയും. ട്രെയിനിൽ അബുദാബിയിൽ നിന്ന് ദുബായിലേയ്ക്ക് ഏകദേശം 57 മിനിറ്റുകൊണ്ടും റുവൈസിലേയ്ക്ക് 70 മിനിറ്റുകൊണ്ടും ഫുജൈറയിലേയ്ക്ക് 105 മിനിറ്റുകൊണ്ടും എത്താൻ സാധിക്കും.
900 കിലോമീറ്റർ നീളമുള്ള ഇത്തിഹാദ് റെയിൽ, ഖലീഫ പോർട്ട്, ജബൽ അലി പോർട്ട്, റുവൈസ് പോർട്ട് എന്നിവയുൾപ്പെടെയുള്ള പ്രധാന തുറമുഖങ്ങളെ ബന്ധിപ്പിക്കുന്നുണ്ട്. ഇത് ചരക്കുകളുടെ നീക്കം വ്യവസായ മേഖലകളിലേക്കും കയറ്റുമതി കേന്ദ്രങ്ങളിലേയ്ക്കും സുഗമമാക്കും.
















