റിയാദ് നഗരത്തിൽ അടുത്തിടെ നടപ്പാക്കിയ വാടക വർധനവ് അഞ്ചു വർഷത്തേക്ക് മരവിപ്പിച്ചുകൊണ്ടുള്ള നിയന്ത്രണങ്ങൾ രാജ്യത്തെ എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാൻ സൗദി റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി പഠനം നടത്തുന്നു. ഓരോ നഗരത്തിലെയും വിപണി നിലവാരവും നിരീക്ഷണ ഫലങ്ങളും അനുസരിച്ചായിരിക്കും നിയന്ത്രണങ്ങൾ നടപ്പിലാക്കുക. ഇതുവഴി നഗരപ്രദേശങ്ങളിലെ ഒഴിഞ്ഞുകിടക്കുന്ന വാണിജ്യ, താമസ കെട്ടിടങ്ങളുടെ വാടക മൂല്യം സ്ഥിരപ്പെടുത്തും. ഭൂവുടമകളും വാടകക്കാരും തമ്മിലുള്ള ബന്ധം നിയന്ത്രിക്കുന്നതിനുള്ള വഴികളും അതോറിറ്റി പഠിച്ചു വരികയാണ്.
റിയാദിലെ നഗരപ്രദേശത്തുള്ള നിലവിലുള്ളതും പുതിയതുമായ താമസ, വാണിജ്യ കെട്ടിടങ്ങളുടെ വാടകയുടെ മൊത്തം മൂല്യത്തിലുള്ള വാർഷിക വർധനവ് അഞ്ച് വർഷത്തേക്ക് തടയുന്ന പുതിയ നടപടി പണപ്പെരുപ്പം പരിമിതപ്പെടുത്താനും റിയൽ എസ്റ്റേറ്റ് വിതരണം വർധിപ്പിക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ നിർദ്ദേശപ്രകാരമാണ് റിയാദിൽ വാടക വർധനവ് അഞ്ചു വർഷത്തേക്ക് മരവിപ്പിച്ചുകൊണ്ടുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കിയത്. വാണിജ്യ, താമസ കെട്ടിടങ്ങളുടെ വാടകയിൽ സമീപ വർഷങ്ങളിൽ റിയാദ് നഗരത്തിൽ ഉണ്ടായിട്ടുള്ള അമിതമായ വർധനവ് മൂലമുള്ള വെല്ലുവിളികൾ പരിഹരിക്കുക എന്നതായിരുന്നു ഈ നിയന്ത്രണങ്ങളുടെ പ്രധാന ലക്ഷ്യം.
















