തിരുവനന്തപുരം: ശബരിമല സ്വർണമോഷണത്തിൽ കേസെടുക്കാൻ പൊലീസിന് നിർദേശം. ശബരിമലയിൽ നടന്നത് മോഷണമെന്ന നിഗമനത്തിലാണ് ദേവസ്വം വിജിലന്‍സ്. ഈ സാഹചര്യത്തിൽ ക്രിമിനൽ കേസെടുത്ത് അന്വേഷിക്കണമെന്നാണ് അന്തിമ റിപ്പോര്‍ട്ടിൽ വിജിലന്‍സ് ആവശ്യപ്പെടുന്നത്. 1999ൽ വിജയ് മല്യ പൊതിഞ്ഞു നൽകിയത് 24 ക്യാരറ്റ് സ്വര്‍ണമാണ്. ഈ സ്വര്‍ണം ദ്വാരപാലക ശിൽപ്പങ്ങളിൽ അടക്കം പൊതിഞ്ഞിരുന്നു. ദേവസ്വം ഉദ്യോഗസ്ഥർക്കും സ്വർണം കാണാതായതിൽ ഉത്തരവാദിത്വമുണ്ടെന്നും ഇവര്‍ക്കെതിരെയും നടപടി വേണെന്നും അന്തിമ റിപ്പോര്‍ട്ടിലുണ്ട്.
ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിൽ സ്വർണം പൂശാനെത്തിച്ചത് പുതിയ ചെമ്പ് പാളിയെന്നും എത്തിച്ചത് സ്വർണം പൊതിഞ്ഞവ ആയിരുന്നില്ലെന്നും കാലപ്പഴക്കവും ഉണ്ടായിരുന്നില്ലെന്നും സ്മാർട്ട് ക്രീയേഷൻസ് സി ഇ ഒ പങ്കജ് ഭണ്ഡാരിയുടെ മൊഴി. ഇതോടെ ചെന്നൈയിലെത്തും മുൻപ് ദ്വാരപാലക ശിൽപപാളികൾ വിറ്റിരിക്കാമെന്ന് ദേവസ്വം വിജിലൻസിന്റെ വിലയിരുത്തൽ. ദേവസ്വം വിജിലൻസിന്റെ അന്തിമ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും.
അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വർണപാളികളുടെ തൂക്കത്തിൽ ഗണ്യമായ കുറവുണ്ടായി എന്നാണ് കോടതിയുടെ കണ്ടെത്തൽ. മുദ്ര വെച്ച കവറിലാണ്, ദേവസ്വം വിജിലൻസ് ആൻഡ് ചീഫ് സെക്യൂരിറ്റി ഓഫീസർ ഹൈക്കോടതിയിൽ റിപ്പോർട്ട് കൈമാറുക. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ഈ റിപ്പോർട്ട് കൈമാറുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ദേവസ്വം വിജിലൻസിൻ്റെ അന്വേഷണ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും, പ്രത്യേക അന്വേഷണ സംഘത്തിന്റെ തുടർനടപടികൾ.
















