ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം സംബന്ധിച്ച് ഭരണകക്ഷിയായ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) സഖ്യകക്ഷികളുമായി സമവായത്തിലെത്തിയതായി റിപ്പോർട്ടുകള്‍. ഒക്ടോബർ 13 ന് സംയുക്ത പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് സൂചന. സ്ഥാനാർഥികളുടെ ആദ്യ പട്ടികയും ഇതോടൊപ്പം പുറത്തിറക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഭാരതീയ ജനതാ പാർട്ടി (ബിജെപി), മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ ജനതാദൾ യുണൈറ്റഡ് (ജെഡിയു), ലോക് ജനശക്തി പാർട്ടി (റാം വിലാസ്) അഥവാ എൽജെപി (ആർ), ഹിന്ദുസ്ഥാനി അവാം മോർച്ച സെക്കുലർ (എച്ച്എഎംഎസ്), രാഷ്ട്രീയ ലോക് മോർച്ച (ആർഎൽഎം) എന്നിവരാണ് ബിഹാറിലെ എൻഡിഎ സഖ്യകക്ഷികള്‍.
ആഭ്യന്തര സഹമന്ത്രിയും ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതാവുമായ നിത്യാനന്ദ് റായ് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രിയും എൽജെപി (ആർ) നേതാവുമായ ചിരാഗ് പാസ്വാനെ ഡൽഹിയിലെ വസതിയിൽ സന്ദർശിച്ചതിന് ശേഷമാണ് സീറ്റ് വിഭജനം സംബന്ധിച്ച വിശാലമായ ധാരണയിലെത്തിയത്.
കഴിഞ്ഞ വർഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ തൻ്റെ പാർട്ടി നേടിയ അഞ്ച് ലോക്‌സഭാ സീറ്റുകളും 100 ശതമാനം സ്ട്രൈക്ക് റേറ്റും കണക്കിലെടുത്ത്, എൻഡിഎയുടെ ഭാഗമായി മത്സരിക്കാൻ ചിരാഗ് 35-40 നിയമസഭാ സീറ്റുകൾ ആവശ്യപ്പെട്ടിരുന്നു. മറുവശത്ത്, എച്ച്‌എഎംഎസ് നേതാവും കേന്ദ്രമന്ത്രിയുമായ ജിതൻ റാം മാഞ്ചി തൻ്റെ പാർട്ടിക്ക് 15 സീറ്റുകൾ നൽകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ രാജ്യസഭാംഗം ഉപേന്ദ്ര കുശ്വാഹ ആർഎൽഎമ്മിന് 10 സീറ്റുകൾ നൽകണമെന്ന ആവശ്യമാണ് ഉയർത്തിയത്.
വലിയ പാർട്ടികളായ ബിജെപിയും ജെഡിയുവും ഏകദേശം തുല്യ സീറ്റുകളിൽ മത്സരിക്കും. ഇത് 99 മുതൽ 103 സീറ്റു വരെയാകാമെന്നാണ് കണക്കുകൂട്ടൽ. ജെഡിയു അതിൻ്റെ ‘ബിഗ് ബ്രദർ’ പദവി നില നിർത്താൻ ബിജെപിയേക്കാൾ ഒരു സീറ്റിൽ കൂടുതൽ മത്സരിക്കും എന്നതാണ് ഏക വ്യവസ്ഥ.
“എൻഡിഎയിൽ ഞങ്ങൾക്ക് അഞ്ച് പാർട്ടികൾ മാത്രമേയുള്ളൂ. എല്ലാവരും അവരുടെ ആവശ്യങ്ങൾ മുന്നോട്ട് വയ്ക്കുന്നു. വെള്ളിയാഴ്‌ചയോടെ അവർ അന്തിമ സംസ്ഥാനതല യോഗം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. തുടർന്ന് വിഷയം കേന്ദ്ര തലത്തിലേക്ക് പോകും. അവിടെ മറ്റൊരു യോഗത്തിൽ അന്തിമ തീരുമാനം എടുക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) ഒരു സംസ്ഥാന പാർട്ടിയായി അംഗീകരിക്കുന്നതിന് ഞങ്ങൾക്ക് ആറ് ശതമാനം വോട്ടുകളോ എട്ട് സീറ്റുകളിൽ വിജയമോ ആവശ്യമാണ്,” മാഞ്ചി പറഞ്ഞു.
“സീറ്റ് വിഭജനത്തെച്ചൊല്ലി ചില തർക്കങ്ങൾ ഉണ്ടെങ്കിലും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൻ കീഴിൽ ഞങ്ങളുടെ സഖ്യം ഐക്യവും ശക്തവുമാണെന്ന് ഉറപ്പാണ്. പാകിസ്ഥാനെതിരായ ഓപ്പറേഷൻ സിന്ദൂരിൽ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ഇന്ത്യ അതിൻ്റെ ശക്തി തെളിയിച്ചിട്ടുണ്ട്. സഖ്യത്തിന് ദോഷം വരുത്താൻ ഒരു എൻഡിഎ ഘടകകക്ഷിയും ഒന്നും ചെയ്യില്ല,” മാഞ്ചി കൂട്ടിച്ചേർത്തു.
മുൻകാലങ്ങളിൽ മറ്റ് സഖ്യ അംഗങ്ങളുമായി നിതീഷ് തന്നെ സീറ്റ് പങ്കിടൽ ചർച്ചകൾക്ക് നേതൃത്വം നൽകിയപ്പോൾ ഇത്തവണ അദ്ദേഹം അത് ബിജെപിയെ ഏൽപ്പിച്ചു. തുടന്ന് അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ സഖ്യകക്ഷികളുമായി തുടർച്ചയായ കൂടിക്കാഴ്‌ചകൾ നടത്തി.
ആഭ്യന്തര, ബാഹ്യ സർവേകളുടെ അടിസ്ഥാനത്തിൽ ഓരോ സീറ്റിലേക്കും ഏറ്റവും അനുയോജ്യരായ മൂന്ന് സ്ഥാനാർഥികളെ നിശ്ചയിച്ചിട്ടുണ്ട്. അവരെ കുറിച്ച് ഡൽഹിയിൽ വിശദമായി ചർച്ച ചെയ്യും. ബിഹാർ ബിജെപി യൂണിറ്റിൻ്റെ കോർ ഗ്രൂപ്പ് ഒക്ടോബർ 11 ന് ഡൽഹിയിൽ യോഗം ചേരും. തുടർന്ന് ഒക്ടോബർ 12 ന് പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരും. അതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ, മറ്റ് ഉന്നത നേതാക്കൾ എന്നിവർ പങ്കെടുക്കും.
“സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജനം രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ വിജയിച്ചതും പരാജയപ്പെട്ടതുമായ സീറ്റുകളിലേക്കുള്ള സാധ്യതയുള്ള സ്ഥാനാർഥികളുടെ പാനൽ ഞങ്ങൾ തയ്യാറാക്കി. അതുപോലെ, ജെഡിയു, എച്ച്എഎംഎസ്, എൽജെപി(ആർ), ആർഎൽഎം തുടങ്ങിയ മറ്റ് എല്ലാ എൻഡിഎ അംഗങ്ങളും അവരുടെ കാര്യങ്ങള്‍ തീരുമാനത്തിലെത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ശരിയായ സമയത്ത് പങ്കിടും,” ബീഹാർ ബിജെപി പ്രസിഡൻ്റ് ദിലീപ് ജയ്‌സ്വാൾ പറഞ്ഞു.
ബിജെപി സ്ഥാനാർഥികളുടെ സാധ്യതാ പാനൽ അന്തിമ തെരഞ്ഞെടുപ്പിനും പ്രഖ്യാപനത്തിനുമായി പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് സമർപ്പിക്കുമെന്ന് ജയ്‌സ്വാൾ കൂട്ടിച്ചേർത്തു. 243 അംഗ ബീഹാർ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 6 നും നവംബർ 11 നും രണ്ട് ഘട്ടങ്ങളായി നടക്കും. വോട്ടെണ്ണൽ നവംബർ 14 ന് നടക്കും.
















