ചപ്പാത്തി സോഫ്റ്റായി കിട്ടാൻ ഇനി ഇതുപോലെ ചെയ്തോളൂ.. പഞ്ഞി പോലെ സോഫ്റ്റ് ആയ ചപ്പാത്തി ഉണ്ടാക്കിയെടുക്കാം.
ആവശ്യമായ ചേരുവകൾ
- ഗോതമ്പ് പൊടി- 3 കപ്പ്
- അവൽ- 1 കപ്പ്
- ചൂടുവെള്ളം- ആവശ്യത്തിന്
- ഉപ്പ്- ആവശ്യത്തിന്
- എണ്ണ/ നെയ്യ് – 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
അവൽ നന്നായി കഴുകി വൃത്തിയാക്കുക. എന്നിട്ട്, കുറഞ്ഞ അളവിൽ ചൂടുവെള്ളം ഒഴിച്ച് 10 മിനിറ്റ് കുതിർക്കാൻ വെയ്ക്കാം. അവൽ മൃദുവായി ഉടഞ്ഞുപോകുന്ന പരുവത്തിലായിരിക്കണം. ഇനി ഈ കുതിർത്ത അവലിൽ നിന്നും അധികമുള്ള വെള്ളം പിഴിഞ്ഞ് മാറ്റണം. ഇനി ഇത് കൈകൊണ്ട് നന്നായി ഉടച്ചെടുക്കണം. കട്ടകളൊന്നും ഇല്ലാതെ വേണം ഉടച്ചെടുക്കാൻ. ഇനി വലിയൊരു പാത്രത്തിലേക്ക് ഗോതമ്പ് പൊടി എടുക്കാം.
ഇതിലേക്ക് ഉടച്ചുവെച്ച അവൽ, ഉപ്പ്, 2 ടീസ്പൂൺ എണ്ണ അല്ലെങ്കിൽ നെയ്യ് എന്നിവ ചേർത്ത് നന്നായി ഇളക്കാം. ചെറുചൂടുള്ള വെള്ളം കുറച്ചു വീതം ഒഴിച്ച് മാവ് കുഴയ്ക്കാം. കുഴച്ചെടുത്ത മാവ് 30 മിനിറ്റെങ്കിലും അടച്ച് മാറ്റി വയ്ക്കണം. ശേഷം മാവ് ചെറിയ ഉരുളകളാക്കിയെടുക്കാം. അധികം കട്ടി കുറയാതെ അത് പരത്തിയെടുക്കാം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് പരത്തിയ മാവ് വച്ച് ചുട്ടെടുക്കാം. അൽപം നെയ്യ് അതിൽ പുരട്ടാം. ഇരുവശങ്ങളും ചുട്ടെടുത്ത ചപ്പാത്തി ഇനി നാളെ വരെ പഞ്ഞി പോലെ ഇരിക്കും
















