വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക. ഇന്ത്യ ഉയർത്തിയ 251 റൺസ് വിജയലക്ഷ്യം ഏഴ് പന്തുകൾ ബാക്കി നിൽക്കെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 54 പന്തിൽ അഞ്ച് സിക്‌സറുകളും എട്ടു ഫോറുകളും പറത്തി 84 റൺസെടുത്ത നദൈൻ ഡെ ക്ലർക്കാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്. രണ്ടു വിക്കറ്റും വീഴ്ത്തിയ നദൈനാണു കളിയിലെ താരം. ക്യാപ്റ്റൻ ലോറ വോൾവാർട്ട് 111 പന്തിൽ 70 റൺസെടുത്തു പുറത്തായി. റിച്ച ഘോഷിന്‍റെ 94 റൺസിന്‍റെ മികവിൽ ഇന്ത്യ 251 റൺസ് നേടിയെങ്കിലും ക്ലർക്ക് ഒറ്റയ്ക്ക് തകര്‍ത്തടിച്ച് ഇന്ത്യയെ കീഴടക്കുകയും ഒരു കൂറ്റൻ സിക്‌സ് അടിച്ച് കളി സ്റ്റൈലായി അവസാനിപ്പിക്കുകയും ചെയ്‌തു.
ഇന്ത്യൻ ബൗളർമാരുടെ പ്രകടനത്തിൽ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റിന് 81 എന്ന നിലയിലേക്ക് ചുരുങ്ങിയിരുന്നു. ഓപ്പണറും ക്യാപ്റ്റനുമായ ലോറ വോൾവാർഡ് ഒരു വശത്ത് ശക്തമായി അടിച്ച് കളിയെ മുന്നോട്ടു കൊണ്ടുപോയി. 70 റൺസ് നേടി താരം ടീമിന്‍റെ പ്രതീക്ഷകൾ ഉയർത്തി. എട്ടു ഫോറുകളുമായി തിളങ്ങിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ സ്കോർ 140 കടന്ന ശേഷമാണു പുറത്തായത്. ച്ലോ ട്രിയോൻ (66 പന്തിൽ 49), മരിസെയ്ന്‍ കാപ് (25 പന്തിൽ 20) എന്നിവരാണു ദക്ഷിണാഫ്രിക്കയുടെ മറ്റു സ്കോറർമാർ. ഇന്ത്യയ്ക്കായി ക്രാന്തി ഗൗഡും സ്നേഹ് റാണയും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. അമന്‍ജ്യോത് കൗർ, ശ്രീചരണി, ദീപ്തി ശർമ എന്നിവര്‍ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.
















