നിയമസഭയിൽ പ്രതിപക്ഷ അംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശം സാമൂഹ്യമാധ്യമങ്ങളിലടക്കം ശ്രദ്ധ നേടുകയാണ്. അംഗത്തിന്റെ പേരെടുത്ത് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. പ്രതിപക്ഷാംഗത്തെ കളിയാക്കാനായി പേരുപറയാതെ ‘എട്ടുമുക്കാൽ അട്ടിവെച്ച പോലെ ഒരാൾ’ എന്ന പ്രയോഗമാണ് മുഖ്യമന്ത്രി ഉപയോഗിച്ചത്.”എന്റെ നാട്ടിൽ ഒരു വർത്തമാനം ഉണ്ട്. എട്ടു മുക്കാലട്ടി വച്ചതു പോലെ എന്ന്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ആക്രമിക്കാൻ പോയത്. സ്വന്തം ശരീരശേഷി വച്ചല്ല അത്. ശരീരശേഷി വച്ച് അതിന് കഴിയില്ല. നിയമസഭയുടെ പരിരക്ഷ വച്ചുകൊണ്ട് വാച്ച് ആൻഡ് വാർഡിന് ആക്രമിക്കാൻ പോവുകയായിരുന്നു. വനിതാ വാച്ച് ആൻഡ് വാർഡിനെ അടക്കം ആക്രമിക്കാൻ ശ്രമിച്ചു” എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. കേരളത്തിന്റെ മുഖ്യമന്ത്രിയാണ് ഇത്തരം വിവാദ പരാമർശം നടത്തിയത്.
‘പൊക്കമില്ലായ്മയാണ് എന്റെ പൊക്കം’ എന്ന് പറഞ്ഞ കുഞ്ഞുണ്ണി മാഷിന്റെ നാട്ടിലാണ് നാം ജീവിക്കുന്നത്. മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ ബോഡി ഷെയമിങ് പരാമർശം ചർച്ചയാകുമ്പോൾ ഒന്നാം ലോകമഹായുദ്ധത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സൈനികൻ മോംചിലോ ഗാവ്രിക്കിന്റെ ജീവിതം വീണ്ടും ശ്രദ്ധ നേടുകയാണ്. ഒന്നാം ലോകമഹായുദ്ധത്തിന്റെ ദുരിതത്തിൽ നിന്നും ഉയർന്നുവന്ന ധീരതയുടെയും അതിജീവനത്തിന്റെയും കഥയാണ് മോംചിലോ ഗാവ്രിക്കിന്റെത്. സന്തോഷ് കുമാർ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ് ആണ് ചർച്ചയാകുന്നത്.

1906 മെയ് 1-ന് സെർബിയയിലെ ട്രബൂസ്നിക്ക എന്ന ഗ്രാമത്തിൽ. 11 മക്കളിൽ എട്ടാമനായിരുന്നു അദ്ദേഹം.1914 ഓഗസ്റ്റ് മാസത്തിൽ, ഒന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തിൽ, ഓസ്ട്രോ-ഹംഗേറിയൻ സൈന്യം അദ്ദേഹത്തിന്റെ ഗ്രാമം ആക്രമിച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കൾ, മൂന്ന് സഹോദരിമാർ, നാല് സഹോദരങ്ങൾ എന്നിവരുൾപ്പെടെ കുടുംബത്തിലെ 8 പേരെ അവർ കൊലപ്പെടുത്തുകയും വീട് കത്തിച്ചു കളയുകയും ചെയ്തു. ആകസ്മികമായി അമ്മാവന്റെ വീട്ടിലായിരുന്നതുകൊണ്ട് മോംചിലോ രക്ഷപ്പെട്ടു.
കുടുംബം മുഴുവൻ നഷ്ടപ്പെട്ട എട്ട് വയസ്സുകാരനായ മോംചിലോ, സെർബിയൻ സൈന്യത്തിലെ ആറാം ആർട്ടിലറി ഡിവിഷൻ നിലയുറപ്പിച്ചിരുന്ന ഗുചെവോ പർവതത്തിലേക്ക് ഓടിപ്പോയി. തന്റെ കുടുംബത്തെ കൊന്നവരോട് പ്രതികാരം ചെയ്യാൻ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. മേജർ സ്റ്റെവൻ ടുക്കോവിച്ച് അദ്ദേഹത്തെ സൈന്യത്തിൽ സ്വീകരിക്കുകയും ഒരു സൈനികനെ അദ്ദേഹത്തിന്റെ രക്ഷാകർത്താവായി നിയമിക്കുകയും ചെയ്തു. മോംചിലോയ്ക്ക് വേണ്ടി പ്രത്യേകമായി ഒരു സൈനിക യൂണിഫോം തുന്നിക്കൊടുത്തു. അങ്ങനെ, വെറും എട്ട് വയസ്സിൽ മോംചിലോ ഗാവ്രിക് ഒന്നാം ലോകമഹായുദ്ധത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സൈനികനായി അറിയപ്പെട്ടു.
സെർബിയൻ സൈന്യത്തോടൊപ്പം അദ്ദേഹം സെർ യുദ്ധം (Battle of Cer), കൊളുബാര യുദ്ധം (Battle of Kolubara) തുടങ്ങിയ പ്രധാന യുദ്ധങ്ങളിൽ പങ്കെടുത്തു. കൂടാതെ, 1915-16 ലെ ശൈത്യകാലത്ത് സെർബിയൻ സൈന്യം നടത്തിയ ദുരിതമയമായ അൽബേനിയൻ പലായനത്തെ (Albanian Golgotha) അതിജീവിച്ചു. യുദ്ധരംഗത്ത് വെച്ച് അദ്ദേഹത്തിന് നിരവധി തവണ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പത്ത് വയസ്സായപ്പോൾ അദ്ദേഹത്തെ കമാൻഡർ കോർപ്പറൽ പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകി. യുദ്ധശേഷം യുദ്ധത്തിലെ അനാഥർക്കായുള്ള പദ്ധതിയുടെ ഭാഗമായി അദ്ദേഹം ഇംഗ്ലണ്ടിൽ പോയി വിദ്യാഭ്യാസം പൂർത്തിയാക്കി. 1921-ൽ തിരികെ സെർബിയയിലെത്തിയ അദ്ദേഹം അതിജീവിച്ച മൂന്ന് സഹോദരങ്ങളോടൊപ്പം ചേർന്നു. മുതിർന്ന ശേഷം, 1929-ൽ നിർബന്ധിത സൈനിക സേവനത്തിനായി വിളിച്ചപ്പോൾ, താൻ ഇതിനകം സേവനം ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞെങ്കിലും ഉദ്യോഗസ്ഥർ അത് വിശ്വസിക്കാതെ കള്ളം പറയുന്നു എന്ന് ആരോപിച്ച് അദ്ദേഹത്തെ രണ്ട് മാസത്തേക്ക് തടവിലാക്കുകയുണ്ടായി. രണ്ടാം ലോകമഹായുദ്ധസമയത്തും അദ്ദേഹം കഷ്ടപ്പാടുകൾ നേരിട്ടു.എങ്കിലും, മോംചിലോ ഗാവ്രിക് തന്റെ ജീവിതകാലം മുഴുവൻ ധീരതയുടെ പ്രതീകമായി നിലകൊണ്ടു. അദ്ദേഹം 1993-ൽ 87-ാം വയസ്സിൽ അന്തരിച്ചു.
















