ശബരിമലയിലെ സ്വർണ്ണവും ചെമ്പ് പാളിയും മറിച്ചു വിറ്റുവെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. വിൽപ്പന നടത്തിയത് ബാംഗ്ലൂരിലെന്നും ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലക്കാരനെന്നും റിപ്പോർട്ടിൽ പറയുന്നു. അൽപ്പ സമയം മുൻപാണ് ഹൈക്കോടതിയിൽ ദേവസ്വം വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചത്. 20 പേജുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്.
2016 മുതൽ നടത്തിയ ഗൂഢാലോചനയുടെ പരിണിത ഫലമാണ് 2019ൽ നടന്നത് എന്നത് വ്യക്തമാക്കുന്നുണ്ട്. പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വ്യക്തമാകുന്നു. സ്വർണവും ചെമ്പുപാളികളും ബാംഗ്ലൂരിൽ എത്തിച്ച് വിൽപ്പന നടത്തിയതിന്റെ നിർണായക വിവരങ്ങൾ ദേവസ്വം വിജിലൻസിന് ലഭിച്ചു എന്നുള്ള കാര്യങ്ങളും റിപ്പോർട്ടിൽ പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥൻ എസ് ശശിധരനോട് നേരിട്ട് കോടതി നേരിട്ട് വിവരങ്ങൾ തേടി. അന്വേഷണ സംഘത്തിന് കോടതി നിർദേശങ്ങൾ നൽകി. വിജിലൻസ് സെക്യൂരിറ്റി ഓഫിസറോടും ദേവസ്വം ബെഞ്ച് വിവരങ്ങൾ നേരിട്ട് തേടി.
വിവാദങ്ങളിൽ ഇനി ഒരു മറുപടിയും പറയാനില്ലെന്ന് ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. അന്വേഷണത്തിന്റെ കീഴിൽ ഇരിക്കുന്ന കാര്യമാണ്. വിജിലൻസ് സംഘം ഹൈക്കോടതിയിൽ എന്ത് റിപ്പോർട്ട് ആണ് കൊടുത്തിരിക്കുന്നത് എന്ന് എനിക്കറിയില്ല. അറിയാത്ത കാര്യത്തെക്കുറിച്ച് സംസാരിക്കാൻ ഇല്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു.
















