മതപരിവർത്തനം ആരോപിച്ച് മലയാളികളായ കന്യാസ്ത്രീകളെ തടഞ്ഞുവെയ്ക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ വനിതാ കമ്മീഷൻ നിർദേശം. ഛത്തീസ്ഗഡ് സംസ്ഥാന വനിതാ കമ്മീഷനാണ് ഇതുസംബന്ധിച്ചുള്ള നിർദേശം ഡിജിപിയ്ക്ക് നൽകിയത്
കഴിഞ്ഞ ജൂലൈയിലാണ് മതപരിവർത്തനം ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ നാരാൺപൂരിൽ ബജ്‌രംഗ്ദൾ പ്രവർത്തകർ തടഞ്ഞുവെച്ചത്. മലയാളികളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെയും മറ്റ് മൂന്ന് പേരെയുമാണ് തടഞ്ഞുവെച്ചത്. ബജ്രംഗ്ദൾ പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് പിന്നീട് ഇവരെ റിമാൻഡ് ചെയ്തു. ഓഗസ്റ്റിലാണ് ഇവർക്ക് ജാമ്യം ലഭിച്ചത്.
സംഭവത്തിൽ വനിതാ കമ്മീഷന് പരാതി ലഭിച്ചിരുന്നു. സംഭവത്തിൽ മൂന്ന് തവണ വാദം കേട്ടെന്നും ഉദ്യോഗസ്ഥരിൽ നിന്ന് മതിയായ മറുപടി ലഭിച്ചില്ലെന്നും സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ കിരൺമയി നായക് ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
ദുർഗ് റെയിൽവേ സ്റ്റേഷൻ, പോലീസ് സ്റ്റേഷനിൽ എന്നിവടങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അതിൽ ബജ്‌രംഗ്ദൾ പ്രവർത്തകർ സ്ത്രീകളെ ഉപദ്രവിക്കുന്നത് കാണാം. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാനാണ് ഡിജിപിയ്ക്ക് നൽകിയ നിർദേശം- കിരൺമയി നായക് പറഞ്ഞു.
കന്യാസ്ത്രീകൾക്കൊപ്പമുണ്ടായിരുന്ന സ്ത്രീകളാണ് സംഭവത്തിൽ പരാതിയുമായി വനിതാകമ്മീഷനെ സമീപിച്ചത്. വിഷയം ദേശീയ വനിതാ കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ വ്യക്തമാക്കി. നേരത്തെ, കന്യാസ്ത്രീകളുടെ അറസ്റ്റിൽ രാജ്യവ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
















