സംസ്ഥാനത്തെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയും വികസന പദ്ധതികളിലെ തടസങ്ങളും പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. രണ്ടു ദിവസമായി പ്രധാനമന്ത്രി, ധനമന്ത്രി, ആഭ്യന്തരമന്ത്രി, റോഡ് ഗതാഗത–ഹൈവേ മന്ത്രി, ആരോഗ്യമന്ത്രി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകളിൽ സംസ്ഥാനത്തിന്‍റെ പ്രധാന ആവശ്യങ്ങളും നിർദ്ദേശങ്ങളും സമർപ്പിച്ചെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ, മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി എൻഡിആർഎഫിൽ നിന്ന് 2,221.03 കോടി രൂപ ഗ്രാന്‍റ് അനുവദിക്കണം എന്ന ആവശ്യം മുഖ്യമന്ത്രിയുയർത്തി. ഈ തുക വായ്പയായി പരിഗണിക്കാതെ പുനരധിവാസത്തിനുള്ള നേരിട്ടുള്ള സഹായമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധിയിൽ കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കുക, ഐ.ജി.എസ്.ടി റിക്കവറി തിരികെ നൽകുക, ബജറ്റിന് പുറത്തെ കടമെടുപ്പിൽ ഏർപ്പെടുത്തിയ വെട്ടിക്കുറവ് മാറ്റിവെക്കുക, കൂടാതെ ജിഎസ്ഡിപിയുടെ 0.5% അധികമായി കടമെടുക്കാൻ അനുമതി നൽകുക എന്നീ സാമ്പത്തിക ആവശ്യങ്ങളും മുഖ്യമന്ത്രിയുയർത്തി.
കൂടാതെ, കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്നതിന് അനുമതി ത്വരിതപ്പെടുത്തുക, കേരളത്തിൽ സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചർ ആരംഭിക്കുക, നെല്ല് സംഭരണ സബ്സിഡിയുമായി ബന്ധപ്പെട്ട 478.93 കോടി രൂപ കുടിശ്ശിക ഉടൻ അനുവദിക്കുക എന്നീ ആവശ്യങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ധനകാര്യ മന്ത്രി നിർമലാ സീതാരാമനുമായുള്ള കൂടിക്കാഴ്ചയിൽ, സംസ്ഥാനത്തിന്‍റെ വരുമാനനഷ്ടം 9,765 കോടി രൂപയും, കടമെടുപ്പ് കുറവ് 5,200 കോടി രൂപയുമാണ് കടുത്ത സാമ്പത്തിക ഞെരുക്കം സൃഷ്ടിച്ചതായി വിശദീകരിച്ചു. കിഫ്ബിയടക്കമുള്ള ബജറ്റിന് പുറത്തെ കടമെടുപ്പിൽ 4,711 കോടി രൂപ വെട്ടിക്കുറച്ചതും ക്ഷേമപദ്ധതികൾക്ക് തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ധനമന്ത്രി വിഷയങ്ങൾ ഗൗരവത്തോടെ പരിഗണിക്കാമെന്ന് ഉറപ്പുനൽകി.
ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ, കേരള തീരദേശ സുരക്ഷയ്ക്ക് ഇന്ത്യ റിസർവ് ബറ്റാലിയന്‍റെ പ്രത്യേക യൂണിറ്റ് സ്ഥാപിക്കാനും, ദേശീയ ഫോറൻസിക് സയൻസ് സർവകലാശാലയുടെ പ്രാദേശിക ക്യാമ്പസ് അനുവദിക്കാനും തീരുമാനമായി. സൈബർ കുറ്റകൃത്യങ്ങൾ നേരിടാൻ 108 കോടി രൂപയുടെ കേന്ദ്രസഹായം അനുവദിക്കും. കൂടാതെ വയനാട്, കണ്ണൂർ ജില്ലകൾക്ക് സുരക്ഷാ ചെലവിനുള്ള (SRE) സഹായം തുടരുമെന്നും, 2024ലെ വയനാട് ദുരന്തത്തിന് ശേഷം അധിക സഹായം പരിഗണിക്കുമെന്നും ആഭ്യന്തരമന്ത്രി ഉറപ്പുനൽകി.
റോഡ് ഗതാഗത–ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയിൽ, കേരളത്തിലെ എൻഎച്ച്-66 ന്റെ മുഴുവൻ റീച്ചുകളും ഡിസംബറിനകം പൂർത്തിയാക്കുമെന്നും, പാലക്കാട്–കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയും തിരുവനന്തപുരം ഔട്ടർ റിംഗ് റോഡും ജനുവരിയിൽ ഉദ്ഘാടനം ചെയ്യുമെന്നും ഗഡ്കരി അറിയിച്ചു. സ്ഥലം ഏറ്റെടുക്കൽ ബാക്കി 237 കോടി രൂപ എഴുതിത്തള്ളാനുള്ള ആവശ്യവും അദ്ദേഹം അംഗീകരിച്ചു.
ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജെ.പി. നദ്ദയുമായുള്ള കൂടിക്കാഴ്ചയിൽ, എയിംസ് സ്ഥാപനം ഉൾപ്പെടെ ഐ.സി.എം.ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെറിയാട്രിക് കെയർ ആൻഡ് ഹെൽത്തി ഏജിംഗ് തുടങ്ങാനുള്ള നിർദ്ദേശം മുഖ്യമന്ത്രി മുന്നോട്ടുവച്ചു. സംസ്ഥാനത്തിന്‍റെ പ്രായമായ ജനസംഖ്യയുടെ ആവശ്യങ്ങൾ പരിഗണിക്കുമ്പോൾ ഈ സ്ഥാപനങ്ങൾ ദേശീയ ആരോഗ്യരംഗത്തിന് വലിയ സംഭാവനയാകും എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും കണ്ടത് കേരളത്തിന്റെ ജീവൽപ്രധാന ആവശ്യങ്ങളെക്കുറിച്ച് കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്താനാണ്. സംസ്ഥാനത്തിന് നൽകിയ ഉറപ്പുകൾ പ്രായോഗികമായി നടപ്പാകുമെന്ന് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
“കേരളത്തിന്‍റെ വികസനവും ക്ഷേമവുമായ വിഷയങ്ങളിൽ കേന്ദ്രസർക്കാർ അനുഭാവത്തോടെയാണ് സമീപിച്ചത്. ഉന്നയിച്ച ആവശ്യങ്ങളിൽ ഉടൻ നടപടി പ്രതീക്ഷിക്കുന്നു,” എന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ചകൾക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.















