ഇനിമുതൽ സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിച്ച് യുപിഐ പേയ്‌മെന്റുകൾ നടത്താൻ സാധിക്കും. മൊബൈൽ ഫോൺ പോക്കറ്റിൽ നിന്നെടുക്കാതെ, വെറും ഒരു നോട്ടത്തിലൂടെയും സംസാരത്തിലൂടെയും പണം കൈമാറ്റം ചെയ്യാൻ കഴിയുന്ന ഈ ഫീച്ചർ, ഡിജിറ്റൽ ഇടപാടുകളുടെ രീതി തന്നെ മാറ്റാൻ പോകുകയാണ്.
കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2025-ൽ നാഷണൽ പേയ്‌മെന്‍റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ആണ് ഈ നൂതന സവിശേഷത അവതരിപ്പിച്ചത്. ഒരു ക്യുആർ സ്‍കാൻ ചെയ്‌തുകൊണ്ട് ഉപയോക്താക്കൾക്ക് ഹാൻഡ്‌സ്-ഫ്രീയും സുരക്ഷിതവുമായ ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയുമെന്നും, സ്‌മാർട്ട് ഗ്ലാസുകളിൽ വോയ്‌സ് വഴി പേയ്‌മെന്‍റുകൾ നടത്താന്‍ സാധിക്കുമെന്നും, ഫോണിന്‍റെയോ പിൻ നമ്പറിന്‍റെയോ ആവശ്യം ഇതിനില്ലെന്നും എൻപിസിഐ പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു.
വ്യാപാരികളുടെ അക്കൗണ്ടുകളിലെ ക്യു.ആർ. കോഡുകൾ സ്മാർട്ട് ഗ്ലാസുകളിലൂടെ നോക്കിയാൽ മാത്രം മതി, പേയ്‌മെന്റ് പ്രോസസ്സ് ചെയ്യാൻ എഐ സഹായിക്കും. നിലവിൽ പേയ്‌മെന്റ് ആപ്പുകൾ പ്രവർത്തിക്കുന്ന അതേ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഈ പുതിയ രീതിയും നടപ്പിലാക്കുന്നത്. ഡിജിറ്റൽ ഇടപാടുകൾ വേഗത്തിലും എളുപ്പത്തിലും ഹാൻഡ്‌സ് ഫ്രീയും ആക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2025-ൽ യുപിഐയുമായി ബന്ധപ്പെട്ട നിരവധി പുതിയ ഹൈടെക് സവിശേഷതകൾ എൻപിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ഒന്നാണ് സ്‍മാർട്ട് ഗ്ലാസുകളുമായി ബന്ധപ്പെട്ട പുതിയ ഫീച്ചർ. സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിച്ച് ഫോണിൽ തൊടാതെ തന്നെ ഉപയോക്താക്കൾക്ക് എങ്ങനെ പേമെന്‍റ് നടത്താം എന്ന് കാണിച്ചുതരുന്ന ഒരു ഡെമോ വീഡിയോയും എൻപിസിഐ പ്രദര്‍ശിപ്പിച്ചു. പുതിയ സംവിധാനം ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ സ്‍മാർട്ട് ഗ്ലാസുകൾ വഴി ചെറിയ പേയ്‌മെന്‍റുകൾ നടത്താൻ കഴിയും.
ഒരു ക്യുആർ കോഡ് സ്‌കാൻ ചെയ്‌ത് വോയ്‌സ് കമാൻഡ് നൽകിയാൽ പേയ്‌മെന്‍റ് ഓട്ടോമാറ്റിക്കായി പ്രോസസ് ചെയ്യപ്പെടും. നിലവിൽ ഈ ഫീച്ചർ യുപിഐ ലൈറ്റ് ഇടപാടുകൾക്കുള്ളതാണ്. റീട്ടെയിൽ, ട്രാൻസിറ്റ് അല്ലെങ്കിൽ ഫുഡ് പേയ്‌മെന്‍റുകൾ പോലുള്ള ചെറിയ പേയ്‌മെന്‍റുകള്‍ക്ക് ഇത് ഉപയോഗിക്കാം. യുപിഐയെ ലോകത്തിലെ ഏറ്റവും മികച്ച പേയ്‌മെന്റ് സംവിധാനമാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് ഈ പുതിയ ഫീച്ചർ കൂടുതൽ ഊർജ്ജം പകരും.
















