സിനിമ താരങ്ങളുടെ വീടുകളിലെ ഇഡി റെയ്‌ഡ് ശബരിമല സ്വര്‍ണപ്പാളി വിവാദം മുക്കാനാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിവാദം മൂടിക്കെട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് താരങ്ങളെ ഈ ത്രാസില്‍ കയറ്റി അളക്കാന്‍ വിട്ടുകൊടുത്തത് എന്ന സംശയവും തനിക്കുണ്ട്.
പ്രജാ വിവാദവും സ്വര്‍ണപ്പാളി വിവാദം സംബന്ധിച്ച ചര്‍ച്ച മുക്കാനാണ്. ഇതെല്ലാം കുല്‍സിതമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി സ്ഥാനത്തിരിക്കുന്നതിനാല്‍ വിഷയത്തില്‍ കൂടുതലൊന്നും പറയുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. മലമ്പുഴയില്‍ കലുങ്ക് സംവാദത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാരിനെ ബാധിക്കുന്ന വിഷയങ്ങള്‍ വന്നാല്‍ തിളക്കമുള്ളവരെ മലിനപ്പെടുത്തുക, കളങ്കപ്പെടുത്തുക എന്നതാണ് പൊലീസിനെ ഉപയോഗിച്ച് നടത്തി കൊണ്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് ഇനിയും പുതിയ കഥകള്‍ വരുമെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം ഇന്നലെ നടന്ന കലുങ്ക് സംവാദത്തില്‍ അയ്യപ്പനെ മൂത്ത സഹോദരനായിട്ടാണ് കാണുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. അയ്യപ്പന്‍ മൂത്ത സഹോദരനാണെന്നും ഒരു രാഷ്‌ട്രീയത്തിനും അവകാശപ്പെട്ടതല്ലെന്നും അദ്ദേഹം പറഞ്ഞു. ‘ അയ്യപ്പന്‍ ഒരു മനുഷ്യനാണ്. എന്‍റെ മൂത്ത സഹോദരനായാണ് അയ്യപ്പനെ കാണുന്നത്. ഒരു രാഷ്‌ട്രീയത്തിനും അവകാശപ്പെട്ടതല്ല. ചെമ്പ്, സ്വര്‍ണം രസതന്ത്രം വലിയ മാറ്റമാണ് കേരളത്തില്‍ ഉണ്ടാക്കാന്‍ പോകുന്നതെന്നും’ സുരേഷ് ഗോപി പറഞ്ഞു.
















