ആലപ്പുഴ: വിവാദ പ്രസംഗവുമായി സിപിഐഎം എംഎൽഎ യു പ്രതിഭ രംഗത്ത്.നാട്ടിൽ ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതിയെന്നും തുണിയുടുക്കാത്ത താരം വന്നാൽ എല്ലാവരും ഇടിച്ചു കയറുകയാണെന്നും സിപിഎം എംഎൽഎ യു പ്രതിഭ പറഞ്ഞു. അത് നിർത്താനും അവരോട് തുണിയുടുത്ത് വരാനും പറയണം. ഇത് സദാചാരം എന്ന് പറഞ്ഞ് തന്റെ നേരെ വരരുതെന്നും യു പ്രതിഭ പറഞ്ഞു. കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന സാംസ്കാരിക പരിപാടിക്കിടെയാണ് യു പ്രതിഭ എംഎൽഎ വിവാദ പ്രസംഗം നടത്തിയത്.മീഡിയ വൺ പുറത്തുവിട്ട വീഡിയോ കാണാം.
”നിര്‍ഭാഗ്യവശാൽ നമ്മുടെ നാട്ടിൽ സിനിമാ താരങ്ങളോട് ഒരുതരം ഭ്രാന്താണ്. എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല. കട ഉദ്ഘാടനത്തിന് സിനിമാ താരങ്ങൾ, അതും ഉടുപ്പിടാത്ത സിനിമാ താരങ്ങളെ കൊണ്ടുവരുന്ന ഒരു പുതിയ സംസ്കരം കേരളത്തിലുണ്ട്. എന്തിനാ അത്. തുണിയുടുക്കാത്ത ഒരാളുവന്നാൽ എല്ലാവരും അവിടെ ഇടിച്ചുകയറുകയാണ്. ഈ രീതിയൊക്കെ മാറണം. തുണി ഉടുത്ത് വന്നാൽ മതിയെന്ന് പറയണം. ഇനി ഇത് സദാചാരവാദമാണെന്ന് പറഞ്ഞ് എന്റെ നേരെ വരരുത്. മാന്യമായി വസ്ത്രം ധരിക്കുകയാണ് വേണ്ടത്. തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യം ഉള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. നാളെ ദിഗംബരന്മാരായി നടക്കണമെന്ന് ആരെങ്കിലും പറഞ്ഞാൽ നമുക്ക് ചോദ്യം ചെയ്യുന്നതിനൊന്നും അവകാശമില്ല”- യു പ്രതിഭ പറഞ്ഞു.
മോഹൻലാലിന്റെ പ്രശസ്തമായ ടെലിവിഷൻ ഷോയ്ക്കും എതിരെയും യു പ്രതിഭ വിമർശനം ഉന്നയിച്ചു. ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ടെന്നും മറ്റുള്ളവർ ഉറങ്ങുന്നത് ഒളിഞ്ഞു നോക്കുകയും അവരുടെ വസ്ത്രം ഇറുകിയതാണോ എന്ന് കമന്റ് ചെയ്യുകയും ചെയ്യുന്നതാണ് പരിപാടിയെന്നും യു പ്രതിഭ പറഞ്ഞു. അനശ്വരനടനാണ് ഈ പരിപാടി ചെയ്യുന്നത്.ജനാധിപത്യത്തിൽ വരേണ്ടത് താര രാജാക്കന്മാർ അല്ല. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന പച്ച മനുഷ്യരാണെന്നും ധൈര്യത്തോടെ പറയാൻ നമ്മൾ തയാറാവണമെന്നും യു പ്രതിഭ പറഞ്ഞു.
















