തീപിടുത്തം ഉണ്ടാകാനുള്ള സാധ്യത കണ്ടെത്തിയതിനെ തുടർന്ന് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോർ കമ്പനി യുഎസിലെ തങ്ങളുടെ ജനപ്രിയ മോഡലായ സാന്റാ ഫെ എസ്‌യുവിയുടെ 1.35 ലക്ഷത്തിലധികം യൂണിറ്റുകൾ തിരിച്ചുവിളിച്ചു. സുരക്ഷാ പ്രശ്നങ്ങൾ പരിഗണിച്ചാണ് കമ്പനിയുടെ സുപ്രധാന നടപടി.
യുഎസ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ ആണ് ഇക്കാര്യം അറിയിച്ചത്. ചില ഹ്യുണ്ടായ് സാന്റാ ഫെ എസ്‌യുവികളിൽ സ്റ്റാർട്ടർ മോട്ടോറുമായി ബന്ധപ്പെട്ട് നിർമ്മാണ തകരാർ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.
അസംബ്ലിംഗ് സമയത്ത് സ്റ്റാർട്ടർ മോട്ടോറിൻ്റെ സംരക്ഷണ കവർ ശരിയായി സ്ഥാപിച്ചിട്ടില്ല എന്നാണ് കണ്ടെത്തൽ. ഇത് ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
കൂട്ടിയിടിയോ അപകടമോ ഉണ്ടാകുന്ന സാഹചര്യത്തിൽ ഈ ഷോർട്ട് സർക്യൂട്ട് തീപിടുത്തത്തിന് കാരണമായേക്കാം. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ഹ്യുണ്ടായി ഈ വാഹനങ്ങൾ അടിയന്തരമായി തിരിച്ചുവിളിച്ചത്.
2.5 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിൻ ഘടിപ്പിച്ച 2024, 2025 മോഡൽ വർഷങ്ങളിൽ നിർമ്മിച്ച സാന്റാ ഫെ എസ്‌യുവികൾക്കാണ് ഈ തിരിച്ചുവിളി ബാധകം. 2023 ഡിസംബർ 28 നും 2025 ജൂലൈ 7 നും ഇടയിൽ ഹ്യുണ്ടായിയുടെ അലബാമ നിർമ്മാണ പ്ലാന്റിലാണ് ഈ യൂണിറ്റുകൾ നിർമ്മിച്ചത്.
തകരാർ ബാധിച്ച വാഹനങ്ങളുടെ ഉടമകളെ ഉടൻ ബന്ധപ്പെടുമെന്നും, ആവശ്യമായ സൗജന്യ അറ്റകുറ്റപ്പണികൾ അല്ലെങ്കിൽ ഭാഗങ്ങൾ മാറ്റിസ്ഥാപിക്കൽ വാഗ്ദാനം ചെയ്യുമെന്നും കമ്പനി അറിയിച്ചു.
















