വിവിധ ദൗത്യങ്ങളുമായി നിരവധി കൃത്രിമ ഉപഗ്രഹങ്ങൾ ഭൂമിയെ ഭ്രമണം ചെയ്യുന്നുണ്ടെന്ന് എല്ലാവർക്കുമറിയാം. എന്നാൽ ഇത് എത്ര എണ്ണം ആണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 2025 മെയ് മാസം വരെയുള്ള കണക്കനുസരിച്ച് 11,700-ലധികം സജീവ ഉപഗ്രഹങ്ങളാണ് നിലവില്‍ ഭൂമിയെ ഭ്രമണം ചെയ്യുന്നുണ്ട്. പ്രവര്‍ത്തന രഹിതമായതോ ഡീക്കമ്മീഷന്‍ ചെയ്തതോ ആയവയടക്കം ആകെ ഉപഗ്രഹങ്ങളുടെ എണ്ണം 14,900-നടുത്താണ്. അതിനിടെ, കൃത്രിമ ഉപഗ്രഹങ്ങളുടെ എണ്ണം റെക്കോര്‍ഡ് വേഗത്തില്‍ വര്‍ദ്ധിക്കുകയാണ് എന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇത് ഒരു ലക്ഷം കടക്കുന്നതോടെ ബഹിരാകാശ ദൗത്യങ്ങള്‍, ബഹിരാകാശത്തെ അവശിഷ്ടങ്ങള്‍, മലിനീകരണം, എന്നിവ സംബന്ധിച്ച ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുകയാണ്.
സ്പേസ്എക്സ് പോലുള്ള സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളാണ് ഉപഗ്രഹങ്ങളുടെ എണ്ണത്തിലുള്ള നാടകീയമായ കുതിച്ചുചാട്ടത്തിന് പിന്നില്‍. അവരുടെ സ്റ്റാര്‍ലിങ്ക് കൂട്ടായ്മയില്‍ മാത്രം 7,400-ലധികം ഉപഗ്രഹങ്ങളാണുള്ളത്. അതായത് ആകെ സജീവ ഉപഗ്രഹങ്ങളുടെ 60 ശതമാനം. 2024-ല്‍ ശരാശരി ഓരോ 34 മണിക്കൂറിലും ഒരു റോക്കറ്റ് വിക്ഷേപിച്ചിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 2,800-ല്‍ അധികം പുതിയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചതായി ലൈവ് സയന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉപഗ്രഹങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിന് തുടക്കമായിട്ടേയുള്ളൂ എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. സജീവ ഉപഗ്രഹങ്ങളുടെ എണ്ണം വൈകാതെ 1,00,000 വരെ ഉയരുമെന്ന് വിദഗ്ദ്ധര്‍ പ്രവചിക്കുന്നു. ആഗോളതലത്തില്‍ ഇന്റര്‍നെറ്റ് – വാര്‍ത്താവിനിമയ സേവനങ്ങള്‍ നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഉപഗ്രഹ ശൃംഖലകളുടെ വളര്‍ച്ചയാണ് എണ്ണം വര്‍ധിപ്പിക്കുന്ന ഘടകം. സ്പേസ് എക്സിന്റെ സ്റ്റാര്‍ലിങ്ക് കൂടാതെ, ആമസോണ്‍ (പ്രോജക്റ്റ് കുയിപ്പര്‍), വണ്‍വെബ്, ചൈനീസ് കമ്പനികള്‍ എന്നിവയെല്ലാം ബഹിരാകാശത്ത് സാന്നിധ്യം ശക്തമാക്കുകയാണ്. ലോ-എര്‍ത്ത് ഓര്‍ബിറ്റിന്റെ (ലിയോ) താങ്ങാനുള്ള ശേഷി സംബന്ധിച്ച് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കൂട്ടിയിടിക്ക് വലിയ സാധ്യതയില്ലാതെ സുരക്ഷിതമായി നിലനില്‍ക്കാന്‍ കഴിയുന്ന പരമാവധി ഉപഗ്രഹങ്ങളുടെ എണ്ണമാണിത്. ഈ പരിധി ഏകദേശം 100,000 സജീവ ഉപഗ്രഹങ്ങളാണെന്ന് വിദഗ്ദ്ധര്‍ കരുതുന്നു. നിലവിലെ വിക്ഷേപണ നിരക്ക് കണക്കിലെടുത്താല്‍ 2050-ന് മുമ്പ് ഈ പരിധിയിലെത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരത്തില്‍ ഒരു പരിധി നിര്‍ണയിച്ചിട്ടുള്ളതിന്റെ പ്രസക്തി എന്താണെന്നും ശാസ്ത്രജ്ഞര്‍ വിവരിക്കുന്നു. പഴയ ഉപഗ്രഹങ്ങളും റോക്കറ്റ് ഭാഗങ്ങളും പരസ്പരം കൂട്ടിയിടിച്ച് അവശിഷ്ടങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. ഇത് ബഹിരാകാശ ദൗത്യങ്ങള്‍ക്കും സഞ്ചാരികള്‍ക്കും അപകടമുണ്ടാക്കാന്‍ സാധ്യതയുള്ളതാണ്. കൂട്ടിയിടികള്‍ ചില ഭ്രമണപഥങ്ങളെ ഉപയോഗശൂന്യമാക്കിയേക്കാം എന്നതാണ് മറ്റൊരു അപകടം. തിളക്കമുള്ള ഉപഗ്രഹങ്ങള്‍ ദൂരദര്‍ശിനികള്‍ക്കും നക്ഷത്ര നിരീക്ഷണത്തിനും തടസമുണ്ടാക്കും എന്നതാണ് മറ്റൊരു ആശങ്ക. ഉപഗ്രഹങ്ങളില്‍ നിന്നുള്ള സിഗ്‌നലുകള്‍ സെന്‍സിറ്റീവ് ആയ റേഡിയോ സിഗ്നലുകള്‍ക്ക് തടസമുണ്ടാക്കും. റോക്കറ്റുകള്‍ ഹരിതഗൃഹ വാതകങ്ങളും തിരികെ പ്രവേശിക്കുന്ന ഉപഗ്രഹങ്ങള്‍ ഭൂമിയുടെ കാന്തിക മണ്ഡലത്തെ ബാധിക്കാവുന്ന ലോഹങ്ങളും പുറത്തുവിടുന്നത് മലിനീകരണത്തിന് ഇടയാക്കും.
ഇത്തരം സാഹചര്യം ബഹിരാകാശത്ത് തിക്കും തിരക്കുമുണ്ടാക്കുമെന്നും ജ്യോതിശാസ്ത്ര ഗവേഷണം തടസപ്പെടുത്തുമെന്നും അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുമെന്നാണ് കനേഡിയന്‍ ശാസ്ത്രജ്ഞനായ ആരോണ്‍ ബോളി പറയുന്നുത്. അന്താരാഷ്ട്ര ബഹിരാകാശ നിയമങ്ങള്‍ ഇതിനോടൊപ്പം എത്തുന്നതോടെ ഉപഗ്രഹ വിക്ഷേപണങ്ങള്‍ കുറയ്‌ക്കേണ്ടിവരുമെന്ന് അദ്ദേഹം വാദിക്കുന്നു. ഈ ശൃംഖലകള്‍ ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കാന്‍ സഹായിക്കുമെങ്കിലും ഉപഗ്രഹ സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടം ബഹിരാകാശത്തിനും ഭൂമിക്കും വളരെയധികം വില കൊടുക്കേണ്ടി വരുന്നില്ലെന്ന് ഉറപ്പാക്കാന്‍ ജാഗ്രതയും ആഗോള സഹകരണവും വേണമെന്ന് വിദഗ്ദ്ധര്‍ ആവശ്യപ്പെടുന്നു.
















