മുഖക്കുരു വരാത്തവർ ചുരുക്കമായിരിക്കും. ഹോർമോൺ വ്യതിയാനം മൂലമുള്ള മുഖക്കുരു ഇതിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്. കൂടാതെ മോശം ഡയറ്റ്, കാലാവസ്ഥ, മരുന്നുകളുടെ ഉപയോഗം, മാനസിക സമ്മർദം എന്നിവയും മുഖക്കുരുവിന് കാരണമാകാറുണ്ട്. മുഖത്ത് കുരു വരുന്നത് വലിയ കാര്യമല്ല പക്ഷെ അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനം. ചിലർ മുഖക്കുരു സ്ഥിരമായി പൊട്ടിച്ച് കളയാറുണ്ട്. മറ്റ് ചിലർ തുണിയോ മറ്റോ കൊണ്ട് അമർത്തി തുടയ്ക്കുന്ന പതിവുണ്ട്. പക്ഷെ ഇതൊക്കെ മുഖക്കുരു കൂടുന്നതിന് കാരണമാകും എന്നതാണ് മറ്റൊരു വസ്തുത. എന്തൊക്കെ പ്രയോഗിച്ചിട്ടും മുഖക്കുരുവിന് മാറ്റമില്ല എന്ന പരാതി ഉള്ളവരുണ്ട്. എങ്കിൽ പരീക്ഷിക്കാവുന്ന ഒരു സൂപ്പർ ഡ്രിങ്ക് പരിചയപ്പെടുത്താം. ഹോര്‍മോണ്‍ വ്യതിയാനം മൂലമുണ്ടാകുന്ന മുഖക്കുരുവിനെതിരെ ഈ പാനീയം മികച്ചതാണെന്ന് പോഷകാഹാര വിദഗ്ധയായ റിച്ച പറയുന്നു.
മല്ലിയും റോസാപ്പൂ ഇതളും കറിവേപ്പിലയുമാണ് സൂപ്പർ ഡ്രിങ്കിന്റെ മൂന്ന് ചേരുവകൾ. വെള്ളം ചൂടാക്കി അതിലേക്ക് മല്ലിയും റോസാപ്പൂവിന്റെ ഇതളുകളും കറിവേപ്പിലയും ഇട്ട് തിളപ്പിച്ചെടുത്താല്‍ സംഭവം റെഡി. അരിച്ചെടുത്ത് ഗ്രീന്‍ ടീ പോലെ കുടിക്കാം. മല്ലിയില്‍ ആന്റിഓക്‌സിഡന്റുകളും ആന്റി-ഇന്‍ഫഌമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് നേരത്ത വരകളും പിഗ്മന്റേഷനും കുറയ്ക്കാന്‍ സഹായിക്കും. ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും ജലാംശം നിലനിര്‍ത്താനും തിളക്കം നല്‍കാനുമൊക്കെ ഇത് സഹായിക്കും.
റോസാപ്പൂവിന്റെ ഇതളുകള്‍ക്കും ചര്‍മ സംരക്ഷണത്തില്‍ വലിയ പങ്കുവഹിക്കാനാകും. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ കൊളാജന്‍ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കും. ഇത് ചര്‍മത്തെ മിനുസമാര്‍ന്നതാക്കും. കറിവേപ്പിലയിലെ ആന്റി-മൈക്രോബിയല്‍ ഗുണങ്ങളും വിറ്റാമിന്‍ എ, സി എന്നിവയും അടങ്ങിയിട്ടുള്ളതിനാല്‍ ഇവയെല്ലാം ചേര്‍ന്ന് ചുളിവുകള്‍ ഉണ്ടാകുന്നതും ഡാര്‍ക്ക് സര്‍ക്കിളുകള്‍ രൂപപ്പെടുന്നതും തടയും. പ്രായമാകുന്നതിന്റെ ലക്ഷണങ്ങളില്‍ നിന്ന് രക്ഷപെടാനും ഇത് നല്ലതാണ്.
















