ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം നിർമിച്ച് ചൈന. ഗുയിഷൗ പ്രവിശ്യയിലാണ് ഹുവാജിയാങ് ഗ്രാൻഡ് കാന്യോൺ പാലം ഉള്ളത്. സെപ്തംബർ 28ന് ഔദ്യോഗികമായി ചൈന പാലം തുറന്നു. ഏകദേശം 1.87 ബില്യൺ യുവാൻ അഥവാ 16.60 കോടി രൂപ ചെലവിലാണ് ഈ പാലം നിർമിച്ചിരിക്കുന്നത്.
NEW: China officially opens the world’s tallest bridge, completing the project in under 4 years.
The bridge features a restaurant at the top, a whopping 2600 ft above the river.
The bridge not only cuts a 2-hour drive to 2 minutes, but also features as a theme park with a glass… pic.twitter.com/5lUA2XwjbV
— Collin Rugg (@CollinRugg) October 4, 2025
ബെയ്പാൻ നദിക്ക് മുകളിലായി 625 മീറ്റർ ഉയരത്തിലാണ് ഈ പാലം. പൊതുജനങ്ങൾക്കും പ്രവേശിക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിർമിതിയാണിത്. ലോകമെങ്ങുമുള്ള സഞ്ചാരികളെ ആകർഷിക്കാൻ പോകുന്ന ഈ പാലത്തിന് നിരവധി പ്രത്യേകതകളാണ് ഉള്ളത്.
ഹുവാജിയാങ് ഗ്രാൻഡ് കാന്യോൺ പാലം
ഏകദേശം മൂന്നു വർഷത്തിനും നാലു വർഷത്തിനും ഇടയിലുള്ള കാലമാണ് ഹുവാജിയാങ് ഗ്രാൻഡ് കാന്യോൺ പാലം നിർമിക്കാൻ എടുത്തത്. 2,890 മീറ്ററാണ് ഈ പാലത്തിന്റെ നീളം. പാലത്തിലെ ഏറ്റവും കൂടിയ വീതി 1,420 മീറ്ററാണ്. സ്റ്റീൽ ട്രസ് സസ്പെൻഷൻ ഡിസൈനിലാണ് നിർമിച്ചിരിക്കുന്നത്. ഈ ട്രസുകൾക്ക് ഏകദേശം 22,000 ടൺ ഭാരമുണ്ടെന്നും ഇത് ഐഫൽ ടവറുകളുടെ മൂന്നിരട്ടി ഭാരമാണെന്നും സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്നു എന്നതാണ് ഈ പാലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഹുവാജിയാങ് ഗ്രാൻഡ് കാന്യോൺ പാലത്തിന്റെ പ്രത്യേകതകൾ
ഹുവാജിയാങ് ഗ്രാൻഡ് കാന്യോൺ പാലം ഉദ്ഘാടനം ചെയ്ത ദിവസം നിരവധി വിഡിയോകൾ പുറത്തു വന്നിരുന്നു. അതിൽ തന്നെ നിരവധി ഡ്രോൺ ഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. സിയാൻ – നീല നിറത്തിലുള്ള ഈ പാലം ഒരു സയൻസ് – ഫിക്ഷൻ സിനിമയിലെ രംഗം പോലെ മനോഹരമായിരിക്കുന്നു.
ഗ്ലാസ് എലവേറ്റർ: ഈ പാലത്തിലെ പ്രധാന ആകർഷണം എന്നു പറയുന്നത് ഒരു ഗ്ലാസ് എലവേറ്റർ ആണ്. നദിയിൽ നിന്ന് 2,600 അടി ഉയരത്തിൽ നിൽക്കുന്ന പാലത്തിൽ ഒരു അതിവേഗ എലവേറ്റർ ഉണ്ട്. സഞ്ചാരികളെ മുകളിലുള്ള കോഫി ഷോപ്പിലേക്ക് കൊണ്ടു പോകുന്നതിനു വേണ്ടിയാണ് ഈ എലവേറ്റർ.
കോഫി ഷോപ്പ്: നിങ്ങൾ ഒരു കോഫി ലവർ ആണെങ്കിൽ അതിനും ഈ പാലത്തിൽ അവസരമുണ്ട്. ആഴത്തിലുള്ള താഴ്വരയും കുത്തനെയുള്ള പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും പച്ചപ്പ് നിറഞ്ഞ കുന്നുകളും ആസ്വദിച്ച് ഒരു കാപ്പി കുടിക്കാം. കാപ്പി മാത്രമല്ല ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഈ റസ്റ്ററന്റിൽ ഒരുക്കിയിട്ടുണ്ട്. ഒഴുകി നടക്കുന്ന മേഘങ്ങളും താഴെയുള്ള ബീപാൻ നദിയും കൂടുതൽ മനോഹരമായ ഓർമകൾ നൽകും.
ഗ്ലാസ് വോക്ക് വേ / ഒബ്സർവേഷൻ ഹാൾ: 1,900 അടി ഉയരത്തിലുള്ള ഗ്ലാസ് വോക്ക് വേയിൽ സന്ദർശകർക്ക് നടക്കാം. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാൻ മനോഹരമായ നിരവധി ചിത്രങ്ങൾ നമുക്ക് ലഭിക്കും. സഞ്ചാരികൾക്ക് പൂർണമായും ഗ്ലാസ് കൊണ്ട് നിർമിച്ച 1000 ചതുരശ്ര മീറ്ററുള്ള നിരീക്ഷണ ഹാളിൽ നിന്ന് മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ കഴിയും.
ആവേശം വാനോളം: സാഹസികത ആഗ്രഹിക്കുന്നവർ നിർബന്ധമായും സന്ദർശിച്ചിരിക്കേണ്ട ഒന്നാണ് ഹുവാജിയാങ് ഗ്രാൻഡ് കാന്യോൺ. ഇവിടെ ബങ്കി ജംപിംഗിനുള്ള അവസരവും ഉണ്ട്. സാഹസിക സഞ്ചാരികളെ ഉദ്ദേശിച്ച് സ്കൈ ഡൈവിങ്, പാരാഗ്ലൈഡിങ് എന്നിവ ആരംഭിക്കാനും പദ്ധതിയുണ്ട്.
നിർമാണസമയത്ത് നേരിട്ട പ്രതിസന്ധികൾ
റിപ്പോർട്ട് അനുസരിച്ച് നിരവധി പ്രതിസന്ധികളെ മറികടന്നാണ് ഹുവാജിയാങ് ഗ്രാൻഡ് കാന്യോൺ പാലം നിർമിക്കപ്പെട്ടത്. ശക്തമായ കാറ്റിനെ നിയന്ത്രിക്കുന്നത് ആയിരുന്നു അതിൽ തന്നെ ഏറ്റവും ശ്രമകരമായത്. ശക്തമായ കാറ്റിനെ ശാന്തമാക്കാൻ കരാറുകാർ കാറ്റ് ഡിഫ്ലക്ടറുകളും സ്റ്റബിലൈസിങ് പ്ലേറ്റുകളും ഉപയോഗിച്ചു. ചുരുക്കത്തിൽ അതിസാഹസികമായി തന്നെയാണ് ഈ പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.
















