ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രി അമിര്‍ ഖാന്‍ മുത്തഖി ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ വിലക്കിയതായി ആക്ഷേപം. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയതിന് ശേഷം നടന്ന നിര്‍ണായക വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം. ദി ഇന്‍ഡിപെന്‍ഡന്റിന്റെ റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെ പ്രമുഖ വാര്‍ത്താ ചാനലുകളിലെ മുതിര്‍ന്ന വനിതാ മാധ്യമപ്രവര്‍ത്തകരാണ് വിലക്ക് നേരിട്ടത്. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
താലിബാന്റെ സ്ത്രീവിരുദ്ധതയുടെ പ്രതിഫലനമാണ് ഈ വിലക്കെന്നാണ് ആക്ഷേപം. രാജ്യത്ത് ഇത്തരം വിവേചനപരമായ നയങ്ങള്‍ക്ക് ഇടം നല്‍കുന്ന നിലപാട് സ്വീകരിച്ച ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടി അപലപനീയമാണെന്നും മാധ്യമ പ്രവര്‍ത്തകര്‍ ആരോപിച്ചു. താലിബാന്‍ മന്ത്രിക്ക് സ്ത്രീകള്‍ക്കെതിരായ അവരുടെ വിവേചനവും ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ അനുവാദം ലഭിച്ചിരിക്കുന്നു. വെറുപ്പുളവാക്കുന്ന ഇത്തരം നിലപാടുകള്‍ ഇന്ത്യന്‍ മണ്ണില്‍ ഇവിടെയുള്ള വനിതാ മാധ്യമപ്രവര്‍ത്തകരോട് പ്രയോഗിക്കുന്നത് പരിഹാസ്യമാണെന്നും വിമര്‍ശകര്‍ പറയുന്നു.
അതേസമയം, അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടവുമായി ഇന്ത്യ സഹകരണം ശക്തമാക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അഫ്ഗാന്‍ തലസ്ഥാനമായ കാബുളില്‍ പൂര്‍ണസജ്ജമായ എംബസി പുനരാംഭിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കാനും ധാരണയായി. അഫ്ഗാനിസ്ഥാനിലെ ആക്ടിങ് വിദേശകാര്യ മന്ത്രി അമിര്‍ ഖാന്‍ ഉള്‍പ്പെടെ ഉന്നതതലസംഘവുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മാണം, സാങ്കേതിക സഹകരണം, മാനുഷിക സഹായം, സുരക്ഷാ സഹകരണം, വ്യാപാരം തുടങ്ങിയ വിഷയങ്ങളില്‍ ഊന്നിയായിരുന്നു ചര്‍ച്ചകള്‍ എന്നാണ് പുറത്തുവരുന്ന വിവരം.
STORY HIGHLIGHT : female-journalists-barred-from-taliban-ministers-delhi-press-conference
















