ഷാഫി പറമ്പിൽ എംപിയെ പൊലീസ് മർദിച്ച സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് പാർട്ടി തീരുമാനം. ഇന്നലെ രാത്രി വൈകിയും വിവിധ ജില്ലകളിൽ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. കോഴിക്കോട് പേരാമ്പ്രയിൽ ഇന്ന് വൈകിട്ട് മൂന്നുമണിക്ക് യുഡിഎഫ് പ്രതിഷേധ സംഗമം നടത്തും. എഐസിസി ജനറൽ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ കെ.സി. വേണുഗോപാൽ സംഗമം ഉദ്ഘാടനം ചെയ്യും.
ഇന്നലെ രാത്രിയിലും പലയിടത്തും പ്രതിഷേധം നടന്നു. വിവിധ ജില്ലകളിൽ കോൺഗ്രസ് നടത്തിയ മാർച്ചുകൾ സംഘർഷത്തിൽ കലാശിച്ചു. ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ നീക്കാൻ പലയിടത്തും പോലീസിന് ഏറെ പണിപ്പെടേണ്ടി വന്നു.
അതേസമയം, മൂക്കിന് പരിക്കേറ്റ ഷാഫി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തുടരുകയാണ്. ഷാഫി പറമ്പിൽ എംപിയെ അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കി. ടി സിദ്ദിഖ് എംഎൽഎ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടെന്നാണ് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് പ്രവീൺ കുമാർ പറഞ്ഞത്. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് മൂക്കിന്റെ പൊട്ടൽ കണ്ടെത്തിയത്. പിന്നാലെയാണ് അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കിയത്.
പേരാമ്പ്ര സികെജി കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെയാണ് യുഡിഎഫും എൽഡിഎഫും ഇന്നലെ വൈകീട്ട് പേരാമ്പ്രയിൽ റാലി സംഘടിപ്പിച്ചത്. റാലികൾ നേർക്കുനേർ വന്നതോടെ സംഘർഷമായി. ഇതിനിടെ പൊലീസിന്റെ ലാത്തി ചാർജിലും കണ്ണീർവാതക പ്രയോഗത്തിലും ഷാഫി പറമ്പിൽ എംപിക്കും നിരവധി കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേൽക്കുകയായിരുന്നു.
















