ലൈഫ് മിഷൻ ഫ്ലാറ്റ് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകനായ വിവേക് കിരണിന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചതിന്റെ രേഖകൾ പുറത്തുവന്നു. 2023 ഫെബ്രുവരി 14-ന് രാവിലെ 10:30-ന് കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു നോട്ടീസ്.
“വിവേക് കിരൺ സൺ ഓഫ് പിണറായി വിജയൻ ക്ലീഫ് ഹൗസ്, തിരുവനന്തപുരം” എന്ന മുഖ്യമന്ത്രിയുടെ വസതിയുടെ മേൽവിലാസത്തിലാണ് സമൻസ് അയച്ചത്. സമൻസ് ലഭിച്ചിട്ടും വിവേക് കിരൺ ഹാജരായിട്ടില്ല. സാധാരണഗതിയിൽ ഇ.ഡി. വീണ്ടും സമൻസ് അയച്ച് തുടർനടപടികൾ സ്വീകരിക്കാറുണ്ടെങ്കിലും, ഈ കേസിൽ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല.
ആധാർ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുള്ള സ്വത്തുക്കളുടെ വിവരങ്ങൾ എന്നിവയടക്കം ഹാജരാകുമ്പോൾ സമർപ്പിക്കേണ്ട രേഖകളുടെ പട്ടികയും സമൻസിനൊപ്പമുണ്ട്.
ലൈഫ് മിഷൻ പദ്ധതിയുടെ മറവിൽ നടന്ന കള്ളപ്പണം വെളുപ്പിക്കൽ, കൈക്കൂലി ഇടപാടുകളുമായി ബന്ധപ്പെട്ട കേസിലാണ് വിവേക് കിരണിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയത്.
അതേസമയം വിവേക് കിരണിന് സമൻസ് അയച്ച അന്നേ ദിവസം തന്നെ ഇതേ കേസിൽ ഹാജരായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്യലിനൊടുവിൽ ഇ.ഡി. അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
















