പേരാമ്പ്രയിൽ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എംപിക്ക് തലയ്ക്ക് ലാത്തിക്ക് അടിയേൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇതോടെ എംപിക്ക് പരുക്കേറ്റത് പൊലീസ് അതിക്രമത്തിലല്ലെന്ന സിപിഎം, പൊലീസ് വാദങ്ങൾ പൂർണ്ണമായും പൊളിഞ്ഞു. പേരാമ്പ്ര ടൗണിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഷാഫി പറമ്പിലും പ്രതിഷേധിക്കുമ്പോൾ പൊലീസുകാർ നിലയുറപ്പിച്ചിരുന്നു.
പൊലീസ് ബാറ്റൺ ഉപയോഗിച്ച് നേരിട്ട് തലയ്ക്ക് അടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ അടിയിലാണ് ഷാഫി പറമ്പിലിന്റെ മൂക്കിന് ഗുരുതരമായി പരുക്കേൽക്കുകയും മൂക്കിന്റെ രണ്ട് എല്ലുകൾക്ക് പൊട്ടലേൽക്കുകയും ചെയ്തത്.
അതേസമയം സിപിഎം നേതാക്കളും റൂറൽ എസ്പിയടക്കമുള്ള പൊലീസുദ്യോഗസ്ഥരും, ഷാഫി പറമ്പിലിന് പരുക്കേറ്റത് ഷോ ആണെന്നും പൊലീസ് അതിക്രമം ഉണ്ടായിട്ടില്ലെന്നും വാദിച്ചിരുന്നു.
പേരാമ്പ്ര സികെജി കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെയാണ് യുഡിഎഫും എൽഡിഎഫും ഇന്നലെ വൈകീട്ട് പേരാമ്പ്രയിൽ റാലി സംഘടിപ്പിച്ചത്. റാലികൾ നേർക്കുനേർ വന്നതോടെ സംഘർഷമായി. ഇതിനിടെ പൊലീസിന്റെ ലാത്തി ചാർജിലും കണ്ണീർവാതക പ്രയോഗത്തിലുമാണ് പരിക്കേറ്റത്.
ഗുരുതരമായി പരുക്കേറ്റ ഷാഫി പറമ്പിൽ എംപി ഇപ്പോൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പിന്നാലെയാണ് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ഷാഫിക്ക് 5 ദിവസത്തെ വിശ്രമം വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
















