ഷാഫി പറമ്പിൽ എംപിക്ക് പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംഘർഷത്തിൽ ഒരു വിഭാഗത്തിന് മാത്രം പരിക്കേറ്റത് എങ്ങനെയാണെന്ന് അദ്ദേഹം ചോദിച്ചു. എംപിയെ കണ്ടാൽ പോലീസുകാർക്ക് തിരിച്ചറിയില്ലേ? ഷാഫി പറമ്പിലിനെ നിരന്തരമായി വേട്ടയാടുകയാണ്. ഇത് അംഗീകരിക്കാൻ കഴിയില്ല. സംഭവവുമായി ബന്ധപ്പെട്ട പോലീസുകാർക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഷാഫി പറമ്പിലിന് നേർക്കുണ്ടായ പോലീസ് അതിക്രമത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
അതേസമയം പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഷാഫി പറമ്പിൽ എംപിയെ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ സന്ദർശിച്ചു. തുടർന്ന് മാധ്യമങ്ങളോട് സംസാരിച്ച രാഹുൽ, കോഴിക്കോട് റൂറൽ എസ്.പി. ബൈജുവിനെതിരെ അതിരൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.റൂറൽ എസ്പി ബൈജു ക്രിമിനലാണെന്നും സിപിഎമ്മിന് വേണ്ടി ഷാഫിയെ മർദ്ദിച്ചുവെന്നും രാഹുൽ ആരോപിച്ചു. സിപിഎമ്മിന് വേണ്ടി ബൈജു പണിയെടുക്കേണ്ട. അദ്ദേഹം റൂറൽ എസ്പിയുടെ പണി ചെയ്താൽ മതിയെന്ന് രാഹുൽ പറഞ്ഞു.
















