ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മിച്ച് ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ആശകൾ ആയിരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. ഒക്ടോബർ പത്തിന് കൊച്ചി പൂക്കാട്ടുപടിയിലെ സ്റ്റുഡിയോ ഫ്ലോറിൽ നടന്ന ഒരു ഗാന ചിത്രീകരണത്തോടെയാണ് ചിത്രീകരണം പൂർത്തിയായത്. അമ്പതു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി വന്നത്.മികച്ച വിജയം നേടിയ ഒരു വടക്കൻ സെൽഫി ,മ്പത്യം പറഞ്ഞാൽ വിശ്വസിക്കുവോ ?എന്നീ ചിത്രങ്ങൾക്കു ശേഷം പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ജനറേഷൻ ഗ്യാപ്പിൻ്റെ കഥ ഒരു കുട്ടംബത്തിൻ്റെ പശ്ചാത്തലത്തിലൂടെ ഹൃദ്യമായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ജയറാമും കാളിദാസ് ജയറാമും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നമ്മുടെ കുടുംബ ജീവിതങ്ങളിലെ ആരും ശ്രദ്ധിക്കാതെ പോകുന്ന സംഭവങ്ങളിലേക്കാണ് ഈ ചിത്രത്തിൻ്റെ കടന്നു വരവ്. ആശാ ശരത്താണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുടുംബ സദസ്സുകൾക്ക് എന്നും പ്രിയപ്പെട്ട നടനാണ് ജയറാം.

ജയറാമും, മകൻ കാളിദാസ് ജയറാമുമാണ് ഈ കുടുംബ ചിത്രത്തിലെ അച്ഛനും മകനുമായി എത്തുന്നത്. ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇഷാനി കൃഷ്ണകുമാറാണ് നായിക. അഹാന കൃഷ്ണകുമാറിൻ്റെ ഇളയ സഹോദരിയായ ഇഷാനി മമ്മൂട്ടി നായകനായ വൺ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
സായ് കുമാർ, അജു വർഗീസ്, ആശാ ശരത്ത്, ബൈജു സന്തോഷ്,, കൃഷ്ണശങ്കർ, സഞ്ജു ശിവറാം, ഉണ്ണിരാജ, ശങ്കർ ഇന്ദുചൂഡൻ, ഇഷാൻ ജിംഷാദ്, നിഹാരിക, നന്ദൻ ഉണ്ണി, സൈലക്സ് ഏബ്രഹാം, ശ്യാംലാൽ ,ഗോപൻ മങ്ങാട്ട് എന്നിവരും പ്രധാന താരങ്ങളാണ്.
ജൂഡ് ആൻ്റണി ജോസഫ് ആണ് ക്രിയേറ്റീവ് ഡയറക്ടർ. തിരക്കഥ -അരവിന്ദ് രാജേന്ദ്രൻ – ജൂഡ് ആൻ്റണി ജോസഫ്. സംഗീതം – സനൽ ദേവ്. ഛായാഗ്രഹണം – സ്വരൂപ് ഫിലിപ്പ്. എഡിറ്റിംഗ് – ഷഫീഖ് വി.ബി. കലാസംവിധാനം – നിമേഷ് താനൂർ. മേക്കപ്പ് – ഹസ്സൻ വണ്ടൂർ . കോസ്റ്റ്യും – ഡിസൈൻ -അരുൺ മനോഹർ. സ്റ്റിൽസ് – ലിബിസൺ ഗോപി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ബേബി പണിക്കർ. പ്രോജക്റ്റ് ഡിസൈനർ & പ്രൊഡക്ഷൻ കൺട്രോളർ — എൻ. എം. ബാദുഷ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – സക്കീർ ഹുസൈൻ. പ്രൊഡക്ഷൻ മാനേജർ – അഭിലാഷ് അർജുൻ. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി. കോ – പ്രൊഡ്യൂസേർസ് – വി.സി. പ്രവീൺ, ബൈജു ഗോപാലൻ. പിആർഒ – വാഴൂർ ജോസ്.
















