മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് കനി കുസൃതി. മോഡൽ, സാമൂഹ്യ പ്രവർത്തക എന്നീ നിലകളിൽ ശ്രദ്ധേയയാണ് താരം. പ്രമുഖ സാംസ്കാരിക പ്രവർത്തകരായ മൈത്രേയന്റെയും ജയശ്രീയുടെയും മകളാണ് കനി. 2009-ൽ പുറത്തിറങ്ങിയ ‘കേരള കഫേ’ എന്ന ആന്തോളജി ചിത്രത്തിലൂടെയാണ് കനി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ‘കോക്ടെയിൽ’, ‘കർമ്മയോഗി’, ‘ശിഖാമണി’ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ കനി ശ്രദ്ധ നേടി.
എങ്കിലും, കനിയുടെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായത് 2019-ൽ പുറത്തിറങ്ങിയ ‘ബിരിയാണി’ എന്ന ചിത്രത്തിലെ അഭിനയമാണ്. നിരവധി വിവാദങ്ങൾ സൃഷ്ടിച്ച ഈ സിനിമയിലെ പ്രകടനം കനിയെ ദേശീയ തലത്തിൽ ശ്രദ്ധേയയാക്കി.
തിരക്കഥാകൃത്തായ സജിൻ ബാബുവാണ് ബിരിയാണിയുടെ സംവിധായകൻ. ചിത്രം ഇന്ത്യയ്ക്ക് അകത്തും പുറത്തും നിരവധി ചലച്ചിത്രമേളകളിൽ ചിത്രത്തിന്റെ പ്രദർശനം നടന്നിരുന്നു. ഇപ്പോഴിതാ അതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ വീണ്ടും പ്രതികരിച്ചിരിക്കുകയാണ് സജിൻ ബാബു.
ബിരിയാണിയുമായി ബന്ധപ്പെട്ട് കനി കുസൃതി ഒരു അഭിമുഖത്തിൽ പരാമർശിച്ച കാര്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സിനിമയുടെ രാഷ്ട്രീയത്തിനോട് യോജിപ്പുണ്ടായിരുന്നില്ലെന്നും പണത്തിനുവേണ്ടിയാണ് അഭിനയിച്ചതെന്നുമാണ് കനി പറഞ്ഞത്.
ബിരിയാണി സിനിമ ചെയ്തതിൽ പല ഭാഗത്തുനിന്നും രൂക്ഷമായ വിമർശനങ്ങൾ ലഭിച്ചിരുന്നു. അതൊന്നും ആരുമായും പങ്കുവച്ചിട്ടില്ല. സംവിധായകനെന്ന നിലയ്ക്ക് ഞാനൊരു വിവാദവും ഉണ്ടാക്കിയിട്ടില്ല. സിനിമയെ സിനിമയായിട്ട് കണ്ടുകഴിഞ്ഞാൽ ഒരു വിവാദവും ഉണ്ടാകില്ല. എന്റെ അനുഭവങ്ങളിൽ നിന്നുണ്ടായ കാര്യങ്ങളാണ് സിനിമയാക്കാൻ ശ്രമിച്ചിട്ടുളളത്. കനി കുസൃതിയോട് ബിരിയാണിയുടെ കഥ പറഞ്ഞപ്പോഴും എല്ലാ കാര്യങ്ങളും സംസാരിച്ചിരുന്നു.
അതിനുശേഷമാണ് പല പ്രശ്നങ്ങളുണ്ടായത്. സിനിമയുടെ രാഷ്ട്രീയത്തോട് യോജിക്കുന്നില്ലെന്നും സാമ്പത്തിക സുരക്ഷിതത്വത്തിനുവേണ്ടിയാണ് സിനിമ ചെയ്യുന്നതെന്നും കനി പറഞ്ഞിരുന്നു. ഒരു സിനിമ ചെയ്യുന്നത് കുറച്ചാളുകൾക്ക് മാത്രം കാണാനുളളതല്ലല്ലോ. അതുകൊണ്ടാണല്ലോ ബിരിയാണി 150ൽ പരം ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചത്. കേരളത്തിനും ഇന്ത്യയ്ക്കും പുറത്താണ് സിനിമയ്ക്ക് മികച്ച അഭിപ്രായങ്ങൾ ലഭിച്ചത്. മറ്റൊരു രാജ്യത്ത് ഇന്ത്യയിലേതുപോലുളള നിയമം അല്ലല്ലോ.
സിനിമ എടുക്കുകയാണ് പ്രധാനപ്പെട്ട കാര്യം. ബിരിയാണിയിലെ രാഷ്ട്രീയവും കാഴ്ചപ്പാടും എന്റേതാണ്. ചിത്രം ആദ്യമായി പ്രദർശിപ്പിച്ച ഇറ്റിയിലെ മേളയിൽ മികച്ച സിനിമയ്ക്കുളള അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവും അക്കൂട്ടത്തിലുണ്ട്. ഞാനെടുത്ത പല ചിത്രങ്ങളും വീട്ടിലുളളവർ കണ്ടിട്ടില്ല. രണ്ടെണ്ണം എ സർട്ടിഫിക്കറ്റുളള ചിത്രങ്ങളാണ്’- സജിൻ ബാബു പറഞ്ഞു.
















