‘ഡേയ്, ഇന്ത താടി ഇരുന്താൽ യാർക്കാടാ പ്രച്ന’മെന്നത് തുടരും സിനിമയിലെ മോഹൻലാലിന്റെയും ശോഭനയുടെയും സംഭാഷണമാണ്. മോഹൻലാൽ താടി വെട്ടാനൊരുങ്ങുമ്പോൾ ‘ആ താടി തൊട്ടാൽ കൈ ഞാൻ വെട്ടും’ എന്ന ശോഭനയുടെ ഡയലോഗിന് മറുപടിയായാണ് മോഹൻലാൽ സ്വയം ഇതു ചോദിക്കുന്നത്. അന്ന് സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയായിരുന്നു ഈ ഡയലോഗ്. എന്നാൽ ഇപ്പോൾ മോഹന്‍ലാലിന്റെ താടി ദേശീയതലത്തില്‍ തന്നെ ‘പ്രച്ന’മായിരിക്കുകയാണ്.
ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരനേട്ടത്തില്‍ കരസേനയുടെ ആദരം ഏറ്റുവാങ്ങാന്‍ സൈനിക യൂണിഫോമിലെത്തിയ മോഹന്‍ലാലിനെതിരെയാണ് വിമര്‍ശനം ഉയർന്നിരിക്കുന്നത്. വേഷം ധരിക്കുമ്പോഴുള്ള പെരുമാറ്റച്ചട്ടങ്ങള്‍ മോഹന്‍ലാല്‍ പാലിച്ചില്ലെന്ന് സൂചിപ്പിച്ചാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.
സൈനിക യൂണിഫോം ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായ ഉപദേശം നല്‍കണമെന്ന ആവശ്യവുമായി നാവികസേന മുന്‍മേധാവി റിട്ട. അഡ്മിറല്‍ അരുണ്‍ പ്രകാശ് രംഗത്തെത്തി. മോഹന്‍ലാലിനെ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി ആദരിക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു വിമര്‍ശനം.
ഇന്ത്യന്‍ രാഷ്ട്രപതി സായുധ സേനകളില്‍ ഓണററി റാങ്ക് നല്‍കി ആദരിച്ച വിശിഷ്ടപൗരന്മാര്‍, സൈനിക പദവിയും യൂണിഫോമും ധരിക്കുമ്പോള്‍ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ബന്ധപ്പെട്ട സേനാ ആസ്ഥാനത്തുനിന്ന് കൃത്യമായ ഉപദേശം നല്‍കണം’, എന്നായിരുന്നു അഡ്മിറല്‍ അരുണ്‍ പ്രകാശിന്റെ പോസ്റ്റ്. ആദരം ഏറ്റുവാങ്ങുന്ന ചിത്രം പങ്കുവെച്ചുകൊണ്ടുള്ള മോഹന്‍ലാലിന്റെ പോസ്റ്റ് റീ ട്വീറ്റ് ചെയ്തായിരുന്നു വിമര്‍ശനം. അഡ്മിറല്‍ അരുണ്‍ പ്രകാശിനെ അനുകൂലിച്ച് എയര്‍ വൈസ് മാര്‍ഷല്‍ സഞ്ജയ് ഭട്‌നാഗര്‍, വൈസ് അഡ്മിറല്‍ ശേഖര്‍ സിന്‍ഹ, ക്യാപ്റ്റന്‍ സൈബല്‍ ഘോഷ് എന്നിവരും രംഗത്തെത്തി.
താടിവെച്ച് യൂണിഫോമില്‍ എത്തിയതാണ് വിമര്‍ശനത്തിന് കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സൈനിക യൂണിഫോം ധരിക്കുമ്പോള്‍ താടിവടിച്ചിരിക്കണമെന്നാണ് ചട്ടം. സിഖ് വിഭാഗക്കാര്‍ക്കുമാത്രമാണ് താടിവെക്കുന്നതില്‍ ഇളവുള്ളത്.
വേഷത്തിന് പുറമേ, മോഹന്‍ലാലിന് നല്‍കിയ ആദരത്തിലും വിമര്‍ശനമുണ്ട്. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി -ലഫ്. കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാലിന് ആര്‍മിയുടെ കമന്‍ഡേഷന്‍ കാര്‍ഡ് കരസേനാ മേധാവി സമ്മാനിച്ചിരുന്നു. ഈ ആദരത്തിനായി മുഴുവന്‍ സമയ സൈനികര്‍ ചോരയും നീരും കൊടുക്കേണ്ടിവരുന്നിടത്ത് മോഹന്‍ലാലിന് എങ്ങനെയാണ് സൗജന്യമായി കൊടുക്കുന്നതെന്ന് വിങ് കമാന്‍ഡര്‍ മുഹമ്മദ് മുജീബ് ചോദിച്ചു.
കരസേനാ മേധാവിയില്‍നിന്നു ലഭിച്ച അംഗീകാരത്തില്‍ അഭിമാനിക്കുന്നതായി മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നു. ‘ആദരത്തിലും പിന്തുണയിലും സൈന്യത്തോടും ജനറല്‍ ഉപേന്ദ്ര ദ്വിവേദിയോടും മാതൃയൂണിറ്റായ ടെറിട്ടോറിയല്‍ ആര്‍മിയോടും അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. തന്റെ പരിമിതികള്‍ക്കകത്തുനിന്ന് സാധ്യമായ പലതും ചെയ്യുന്നുണ്ട്. ചെറുപ്പക്കാരെ സൈന്യത്തിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടത് ചെയ്യും. ആര്‍മിയുമായി ബന്ധപ്പെട്ട് ഇനിയും സിനിമകള്‍ ആലോചനയിലുണ്ട്’, മോഹന്‍ലാല്‍ പറഞ്ഞു.
















