കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിനൽകാമെന്ന് വാഗ്ദാനം ചെയ്ത് തലസ്ഥാനത്ത് അഞ്ചുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തമിഴ്‌നാട് സ്വദേശിയായ ശങ്കരനാരായണനാണ് തട്ടിപ്പിനിരയായത്. സംഭവത്തിൽ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
സംഭവം ഇങ്ങനെ:
തമിഴ്‌നാട്ടിൽ ശങ്കരനാരായണന്റെ പിതാവിന്റെ പേരിലുണ്ടായിരുന്ന ഭൂമി കള്ളപ്രമാണം ഉപയോഗിച്ച് മറ്റൊരു സംഘം കൈവശപ്പെടുത്തിയിരുന്നു. ഈ ഭൂമി സ്വന്തം പേരിലേക്ക് മാറ്റുന്നതിന് നിയമതടസ്സങ്ങൾ ഒഴിവാക്കാനായി അമിത് ഷായുമായി കൂടിക്കാഴ്ച ഒരുക്കിത്തരാമെന്ന് പറഞ്ഞാണ് സെന്തിൽ എന്നയാൾ പണം തട്ടിയത്. പരാതിക്കാരൻ ആയ ശങ്കരനാരായണൻ കാലടി സ്വദേശിയാണ്. സെന്തിൽ ആഴാങ്കല്ല് സ്വദേശി ആണ്. ഇരുവരും വർഷങ്ങളായി തലസ്ഥാനത്താണ് താമസിക്കുന്നത്.
ഉന്നത ബന്ധങ്ങളുള്ള തട്ടിപ്പുകാരൻ?
തട്ടിപ്പ് നടത്തിയ സെന്തിലിന് ഉന്നത ബന്ധങ്ങളുണ്ടെന്നാണ് പരാതിക്കാരനായ ശങ്കരനാരായണൻ ആരോപിക്കുന്നത്. കൂടാതെ, സെന്തിൽ തലസ്ഥാനത്ത് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന കൂടുതൽ പരാതികൾ പോലീസിന് ലഭിക്കുന്നതായും വിവരമുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
















