കോട്ടയം: ഭിന്നശേഷി സംവരണവിഷയത്തിൽ ചങ്ങനശ്ശേരി അതിരൂപത ബിഷയ് മാർ തോമസ് തറയിലുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കൂടിക്കാഴ്ച നടത്തി. സൗഹാർദപരമായ ചർച്ചയാണ് നടത്തിയതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ ചർച്ചയിലൂടെ പ്രശ്നത്തിന് പരിഹാരം കാണുമെന്നും ബന്ധപ്പെട്ട ആൾക്കാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആയിരക്കണക്കിന് അധ്യാപകർ ശമ്പളമില്ലാതെയും ദിവസ വേതനത്തിലും കഴിയുന്നു എന്നുള്ളത് ക്രൈസ്തവ സഭകളുടെ മാത്രമോ ക്രൈസ്തവ മാനേജ്മെന്റിന്റെ മാത്രമോ പ്രശ്നമല്ല. പൊതു സമൂഹത്തിന്റെ പ്രശ്നമായാണ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും മുന്നിൽ അവതരിപ്പിച്ചത്. അതിനെ വളരെ പോസിറ്റീവായിട്ടുള്ള ഒരു നീക്കം മന്ത്രി സഭ നടത്തുന്നതിൽ സന്തോഷമുണ്ട്. ഉന്നതതല യോഗം ചേർന്ന് പ്രശ്ന പരിഹാരത്തിന് ആവശ്യമായ നടപടിയെടുക്കും എന്നുള്ളത് വളരെ ആശ്വാസകരമാണ് – ആർച്ച് ബിഷപ്പ് തോമസ് തറയൽ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെയും മന്ത്രിക്കെതിരെയും അതിരൂക്ഷമായ വിമർശനങ്ങളാണ് കത്തോലിക്ക സഭയടക്കം ക്രൈസ്തവ സഭ മാനേജ്മെന്റ് ഉയർത്തിയിരുന്നത്. ആദ്യഘട്ടത്തിൽ മന്ത്രി ഇക്കാര്യങ്ങളെല്ലാം തള്ളുന്നുണ്ടായിരുന്നു. അതിന് ശേഷമാണ് ഇപ്പോൾ ചങ്ങനാശ്ശേരി അതിരൂപതാ ആസ്ഥാനത്തെത്തി ആർച്ച് ബിഷപ്പ് തോമസ് തറയലുമായി വി ശിവൻകുട്ടി കൂടിക്കാഴ്ച നടത്തിയത്. ഒരു മണിക്കൂറിലധികം നീണ്ട ചർച്ചയായിരുന്നു നടന്നത്.
















