വെടിനിര്‍ത്തല്‍ നടപ്പാക്കി ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങിയതിനു പിന്നാലെ ഗാസയിലെ തെരുവുകളില്‍ ഹമാസ് പോലീസ് വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങി. പതിനായിരക്കണക്കിന് പലസ്തീനികള്‍ തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയെത്തുമ്പോള്‍ ഗാസയുടെ ഭരണം തങ്ങളുടെ കയ്യില്‍ത്തന്നെയാണെന്ന് ഉറപ്പാക്കുകയാണ് ഹമാസ്. ശനിയാഴ്ച ഗാസയിലെ തെരുവുകളില്‍ ഹമാസ് പോലീസിനെ കാണാമായിരുന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം, ഗാസയില്‍ ഇസ്രയേല്‍ വീണ്ടും ആക്രമണം തുടങ്ങിയാല്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മുന്നറിയിപ്പ് നല്‍കി. വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണ്ണമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ തുര്‍ക്കി സാധ്യമായതെല്ലാം ചെയ്യുമെന്നും ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.
‘ഗാസയിലെ ഞങ്ങളുടെ സഹോദരങ്ങള്‍ ഈ ഘട്ടത്തിലെത്തിയതിലും പലസ്തീനികളുടെ മുഖത്ത് സന്തോഷം തിരിച്ചെത്തിയതിലും ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഈ ഘട്ടത്തിലെത്താനും ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാനും കഴിയുന്നതെല്ലാം ഞങ്ങള്‍ ചെയ്തു. ഇസ്രയേല്‍ തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു, ഗാസയിലെ കരാര്‍ പാലിച്ചില്ലെങ്കില്‍ ഞങ്ങള്‍ അതിനെ എതിര്‍ക്കും. എല്ലാ പലസ്തീന്‍ പ്രതിരോധ പോരാളികളെയും, പ്രത്യേകിച്ച് ഗാസയിലുള്ളവരെ അഭിവാദ്യം ചെയ്യുന്നു.’ ഉര്‍ദുഗാന്‍ വ്യക്തമാക്കി. ഇസ്രയേലും ഹമാസും തമ്മിലുള്ള പുതിയ വെടിനിര്‍ത്തല്‍ കരാറിലെ മധ്യസ്ഥ ചര്‍ച്ചകളിലും ഗാസാ മുനമ്പിലെ യുദ്ധത്തിന് ശേഷമുള്ള ആസൂത്രണത്തിലും തുര്‍ക്കി പങ്കാളിയായിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നതും അതിലെ വ്യവസ്ഥകള്‍ പാലിക്കുന്നതും നിരീക്ഷിക്കുന്ന കര്‍മ്മസേനയില്‍ തുര്‍ക്കിയും പങ്കാളിയാകും.
STORY HIGHLIGHT : erdogan-warns-israel-gaza-attack-price
















