ശബരിമല സ്വർണക്കൊള്ളയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ അന്വേഷണം ഊർജ്ജിതമാക്കി എസ്ഐടി. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യും.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു അടക്കമുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും വൈകാതെ ചോദ്യം ചെയ്യാനാണ് തീരുമാനം.
ഒമ്പത് ഉദ്യോഗസ്ഥരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. മോഷണം, വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
സ്വർണ്ണപ്പാളി ചെമ്പാക്കി മാറ്റിയതിൽ ഉണ്ണികൃഷ്ണൻ പോറ്റിയും ഉദ്യോഗസ്ഥരും നടത്തിയ ഗൂഢാലോചന, ഉരുക്കിയ സ്വർണം എവിടെ കൊണ്ടുപോയി, സ്മാർട്ട് ക്രിയേഷൻസിൻ്റെ പങ്ക് എന്നിവയെക്കുറിച്ച് എല്ലാം വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം.
അതേസമയം ശബരിമല സന്നിധാനത്ത് ഹൈക്കോടതി നിയോഗിച്ച പ്രത്യേക സംഘത്തിന്റെ പരിശോധനകൾ ഇന്ന് പൂർത്തിയായേക്കും.
















